കോട്ടയം മുണ്ടക്കയം എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്കു പരിക്കേറ്റ സംഭവം, ബസ് നിർത്താതെ പോയ് എന്ന് സുഹൃത്തുക്കൾ, സുഹൃത്തുക്കൾ ബസിന് നിന്ന് തള്ളി ഇട്ടതായി ബസ് ജീവനക്കാർ
എരുമേലി: എരുമേലിയില് സ്വകാര്യ ബസില് നിന്നും വീണ് വിദ്യാർത്ഥിയ്ക്കു പരിക്കേറ്റ സംഭവത്തില് സഹ പാഠികള്ക്ക് എതിരെ ആരോപണവുമായി ബസ് ജീവനക്കാർ.
കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സഹപാഠികള് തോളില് അടിച്ചതിന്റെ ഭാഗമായി കുട്ടി ബാലൻസ് തെറ്റി റോഡില് വീണതാണ് എന്ന ആരോപണവുമായാണ് ബസ് ജീവനക്കാർ രംഗത്ത് വന്നത്. എന്നാല്, ബസില് നിന്നും കുട്ടി വീണിട്ടും ബസ് ജീവനക്കാർ നിർത്താതെ ഓടിച്ചു പോയതായി വിദ്യാർത്ഥികളുടെ സഹപാഠികള് ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് എരുമേലി റൂട്ടിലോടുന്ന ഹരിശ്രീ ബസില് നിന്നും വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചു വീണതിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോള് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളുടെയും ആരോപണങ്ങള് സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുന്നത്. ആഗസ്ത് 14 ന് വൈകുന്നേരം 5:55 നാണ് ഈ സംഭവം ഉണ്ടായത്. ഇതേ ചൊല്ലി നാട്ടുകാർ ബസ് തടഞ്ഞ് സംഘർഷമായി മാറിയിരുന്നു.
ബസിന്റെ വാതില് തുറന്ന നിലയിലായിരുന്നു. വിദ്യാർത്ഥി വീണത് അറിഞ്ഞിട്ടും ബസ് നിർത്താതെ കടന്നുപോയതായും ആരോപണം ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥി വീഴുന്നത് തത്സമയം തന്നെ ബസിലെ കണ്ടക്ടർ, യാത്രക്കാർ, വിദ്യാർത്ഥിയുടെ സഹപാഠികള് എന്നിവർ കണ്ടിരുന്നതായി സിസിടിവി ക്യാമറാ ദൃശ്യങ്ങളില് വ്യക്തമായിട്ടുണ്ട്.