ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തി; പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റില്‍.
ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസില്‍ ഇടുക്കിയിലെ റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റില്‍.പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ടുടമ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരാണ് നർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. ലോകവ്യാപക വേരുകളുള്ള ലഹരിശ്യംഖലയുടെ കണ്ണികളാണ് ഡിയോളും അഞ്ജുവും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. കെറ്റമെലോണ്‍ ലഹരിശൃംഖല ഉടമ എഡിസൻ ബാബുവുമായി ചേർന്നായിരുന്നു ഇവരുടെ ലഹരിയിടപാടുകള്‍. എഡിസണ്‍ ബാബുവിന്റെ സഹപാഠിയാണ് ഡിയോള്‍.
ആഗോള ലഹരിമരുന്ന് ശൃംഖലകള്‍ കേന്ദ്രീകരിച്ചുള്ള എൻസിബിയുടെ അന്വേഷണത്തിലാണ് മലയാളി ബന്ധം ഒന്നിന് പുറകെ ഒന്നായി പുറത്തുവരുന്നത്. 2023ല്‍ കൊച്ചിയില്‍ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോർട്ടുടമകളായ ദമ്ബതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. 2019 മുതല്‍ ഡിയോള്‍ വിദേശത്തേക്ക് കെറ്റമീൻ അയച്ചിരുന്നുവെന്നാണ് നർക്കേട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തിയത്. റേപ്പ് ഡ്രഗ് എന്നാണിത് അറിയപ്പെടുന്നത്.
കെറ്റമെലോണ്‍ ഡാർക് വെബ് ലഹരിശൃംഖലയുടെ ബുദ്ധികേന്ദ്രം മൂവാറ്റുപുഴ സ്വദേശി എഡിസൻ ബാബുവുമായി ചേർന്നായിരുന്നു ഇടപാടുകള്‍. എഡിസനും ഡിയോളും ഡാർക്നെറ്റ് ലഹരിശൃംഖല കേസില്‍ പിടിയിലായ അരുണ്‍ തോമസും സഹപാഠികളാണ്. ആ കൂട്ടുകെട്ട് ലഹരിയിടപാടുകളിലും തുടർന്നു. ബ്രിട്ടനില്‍ നിന്ന് കെറ്റമീൻ എത്തിച്ച ശേഷമായിരുന്നു ഓസ്ട്രേലിയലേക്കുള്ള കടത്തെന്നാണ് എൻസിബി നല്‍കുന്ന വിവരം.
2023ലാണ് ഇടുക്കി പാഞ്ചാലിമേട്ടില്‍ ഡിയോളും അഞ്ജുവും ചേർന്ന് റിസോർട്ട് തുടങ്ങിയത്. അതേസമയം, കെറ്റമെലോണ്‍ ഡാർക് നെറ്റ് ലഹരി ശൃംഖലയുമായി ദമ്ബതികള്‍ക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക ലഭിക്കുന്ന വിവരം. എഡിസൻ ബാബുവിൻറെ കൂടുതല്‍ ലഹരിയിടപാടുകളിലേക്കും എൻസിബി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ലഹരിയിടപാടുകളിലൂടെ സമ്ബാദിച്ച കോടികള്‍ എഡിസൻ പൂഴ്ത്തിയതായും എൻസിബി സംശയിക്കുന്നു. എഡിസനെയും കൂട്ടരെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
ലഹരിമരുന്ന് ശൃംഖലകളെ പൂട്ടാൻ വിവിധ രാജ്യങ്ങളില്‍ എൻസിബി ഉള്‍പ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഓസ്ട്രേലിയയിലും അമേരിക്കയിലുമടക്കം മലയാളികള്‍ കണ്ണികളായ ലഹരി മാഫിയയുടെ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എഡിസൻ ബാബു കണ്ണിയായ ആഗോള ലഹരിമരുന്ന് ശൃംഖല നാല് ഭൂഖണ്ഡങ്ങളില്‍ പത്തിലേറെ രാജ്യങ്ങളില്‍ പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസികള്‍ വ്യക്തമാക്കുന്നു.