വെള്ളിമൂങ്ങ സിനിമ “മാമച്ചൻ സ്റ്റൈലിൽ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമമെന്ന് എൽ.ഡി.എഫ്; “പഴയ ഫണ്ടോ പുതിയ ഇടപെടലോ? കാഞ്ഞിരപ്പള്ളി എട്ടാം വാർഡിൽ ക്രെഡിറ്റിനായി എൽ.ഡി.എഫ് – യു.ഡി.എഫ് പോര്…
കാഞ്ഞിരപ്പള്ളി: വികസന പദ്ധതികളുടെ പിതൃത്വത്തെച്ചൊല്ലി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ രാഷ്ട്രീയ പോര് മുറുകുന്നു. വാർഡിലെ റോഡുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാക്പോരും ഫ്ലക്സ് യുദ്ധവും ആരംഭിച്ചിരിക്കുന്നത്.
യു.ഡി.എഫ് വാദം: “വർഷങ്ങളായുള്ള മുരടിപ്പിന് അറുതി”
കഴിഞ്ഞ 10 വർഷം എൽ.ഡി.എഫ് ഭരിച്ച വാർഡിൽ റോഡുകൾ അതീവ ശോചനീയാവസ്ഥയിലായിരുന്നുവെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം അഡ്വ. സുനിൽ തേനമാക്കലിന്റെ ഇടപെടലിലൂടെയാണ് തകർന്നു കിടന്ന റോഡുകളുടെ റീ-ടാറിംഗും പുനരുദ്ധാരണവും നടന്നതെന്നാണ് യു.ഡി.എഫ് പക്ഷം. ചുരുങ്ങിയ നാളുകൾ കൊണ്ട് വികസനം എത്തിച്ചതിലുള്ള അസഹിഷ്ണുതയാണ് ഇടതുപക്ഷം പ്രകടിപ്പിക്കുന്നതെന്നും ഇവർ പറയുന്നു.
എൽ.ഡി.എഫ് മറുപടി: “വെള്ളിമൂങ്ങയിലെ മാമച്ചനാകാൻ ശ്രമം”
പുതിയ ഭരണസമിതി വന്ന് ഒരു മാസം പോലും തികയുന്നതിന് മുൻപ് മുൻ ഭരണസമിതിയുടെ നേട്ടങ്ങൾ സ്വന്തം പേരിൽ മാറ്റാനാണ് യു.ഡി.എഫ് മെമ്പർ ശ്രമിക്കുന്നതെന്ന് ഇടതുപക്ഷം പരിഹസിക്കുന്നു. മുൻ മെമ്പർ സുമി ഇസ്മായിലിന്റെ കാലത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരാർ ഒപ്പിട്ട പണികളാണ് ഇപ്പോൾ നടക്കുന്നത്. വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുന്ന യു.ഡി.എഫ് മെമ്പറുടെ നടപടി ‘വെള്ളിമൂങ്ങ’ സിനിമയിലെ മാമച്ചനെപ്പോലെയാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
മുൻ ഭരണസമിതിയുടെ കാലത്ത് അനുവദിച്ചതായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്ന പ്രൊജക്റ്റുകൾ:
- നൈനാർ പള്ളി റോഡ് -9 ലക്ഷം
- പേട്ട വാർഡ് റോഡ് 2.5 ലക്ഷം
- പേട്ട സ്കൂൾ പാറക്കടവ്(വട്ടക്കുഴി ഭാഗം)-4 ലക്ഷം
- കൊടുവന്താനം വാളിക്കൽ റോഡ് 1.5 ലക്ഷം
- പച്ചവെട്ടി കുളിക്കടവ് -2ലക്ഷം
- ലാക്ക് കോളനി ചപ്പാത്ത് റോഡ് -1.5 ലക്ഷം
- മുത്തിപ്പാറ പാറക്കടവ് -1.5ലക്ഷം
- പത്തേക്കർ പാറക്കടവ് സംരക്ഷണ ഭിത്തി – 2 ലക്ഷം
ഫ്ലക്സ് യുദ്ധവും സൈബർ പോരും
തർക്കം മുറുകിയതോടെ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ പരസ്പരം കളിയാക്കിക്കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ഇരുവിഭാഗവും ശക്തമായ സൈബർ പോരാട്ടത്തിലാണ്. പുതിയ സാമ്പത്തിക വർഷത്തെ (2026-27) പ്രൊജക്റ്റുകൾ നടപ്പിലാക്കാൻ ഇനിയും കാത്തിരിക്കണമെന്നിരിക്കെ, പഴയ ഫണ്ടിലെ പണികൾക്ക് അവകാശവാദം ഉന്നയിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നാണ് എൽ.ഡി.എഫ് പക്ഷം.