വഴിതെറ്റിയ പിഞ്ചുകുഞ്ഞിന് തുണയായി MVD സേഫ് സോൺ എരുമേലി ടീം; മുണ്ടക്കയം റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന എരുമേലി സേഫ് സോൺ ടീമാണ് കുട്ടിയെ കണ്ടെത്തിയത്
മുണ്ടക്കയം: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനത്തിൽ നിന്നും വഴിതെറ്റിപ്പോയ പിഞ്ചുകുഞ്ഞിന് രക്ഷകരായി മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ ഉദ്യോഗസ്ഥർ. എരുമേലി സേഫ് സോൺ ടീമിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകർക്ക് തുണയായത്.
ബുധനാഴ്ച (07.01.2026) വൈകുന്നേരം അഞ്ച് മണിയോടെ മുണ്ടക്കയം റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന എരുമേലി സേഫ് സോൺ ടീമിലെ വിനോദ് (AMVI) ആണ് പേരുതോട് HP പെട്രോൾ പമ്പിന് സമീപം കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടിയെ ശ്രദ്ധിച്ചത്. പരിഭ്രമിച്ചുനിന്ന കുട്ടിയെ സമാധാനിപ്പിച്ച ശേഷം വിവരങ്ങൾ ചോദിച്ചെങ്കിലും, മാതാപിതാക്കളുടെ ഫോൺ നമ്പറോ മറ്റ് വിവരങ്ങളോ നൽകാൻ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു മിനി ബസ് പെട്രോൾ അടിക്കാൻ പമ്പിൽ വന്നതാണെന്നും, കുട്ടി അതിൽ നിന്നും അബദ്ധത്തിൽ ഇറങ്ങിപ്പോയതാണെന്നും സൂചന ലഭിച്ചു. സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥൻ, TN 57 BB 6752 എന്ന നമ്പറിലുള്ള മിനി ബസിലായിരുന്നു കുട്ടി എത്തിയതെന്ന് കണ്ടെത്തി.
വാഹന നമ്പറിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ഉടമയെ ഫോണിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. കുട്ടി ഒപ്പമില്ലെന്ന വിവരം അറിയാതെ കിലോമീറ്ററുകൾ മുന്നോട്ട് പോയ മിനി ബസ്, വിവരം അറിഞ്ഞതോടെ ഉടൻ പമ്പിലേക്ക് തിരിച്ചെത്തി.
തങ്ങളുടെ കുഞ്ഞിനെ സുരക്ഷിതമായി തിരികെ കിട്ടിയ സന്തോഷത്തിൽ പിതാവും സഹയാത്രികരും വിനോദ് AMVI-യോട് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥനായ വിനോദിനൊപ്പം എരുമേലി സേഫ് സോണിലെ താൽക്കാലിക ഡ്രൈവർ ജീൻസ് വർഗീസും സഹായത്തിനായി ഉണ്ടായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് മാവട്ടം സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
തീർത്ഥാടന പാതകളിൽ ഭക്തർക്ക് സുരക്ഷയൊരുക്കുന്ന സേഫ് സോൺ സംവിധാനത്തിന്റെ കാര്യക്ഷമത ഒരിക്കൽ കൂടി തെളിയിക്കുന്നതായി ഈ സംഭവം.