കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

റാന്നി തിരിച്ചുപിടിക്കാൻ ‘കനിവോടെ’ യുവത്വം; സാംജി ഇടമുറി കോൺഗ്രസിന്റെ രക്ഷകനാകുമോ?

0
img_2599

റാന്നി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല മുന്നേറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. എന്നാൽ കാലങ്ങളായി കോൺഗ്രസിന് അനുകൂലമായ സാഹചര്യമുണ്ടായിട്ടും വിജയലക്ഷ്യം കാണാൻ കഴിയാത്ത റാന്നി മണ്ഡലത്തിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ ശക്തമാകുന്നു. കേവലം കുടുംബ മഹിമയ്ക്കും പാരമ്പര്യത്തിനുമപ്പുറം, നാടിനൊപ്പം നിൽക്കുന്ന ജനകീയ മുഖങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാണ് അണികളുടെ പക്ഷം. ഈ സാഹചര്യത്തിൽ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സാംജി ഇടമുറി.

• 2018-ലെ മഹാപ്രളയം: 2018 ഓഗസ്റ്റ് 14-ന് റാന്നി പ്രളയജലത്തിൽ മുങ്ങിയപ്പോൾ സ്വന്തം സുഹൃത്തിന്റെ വാഹനം കടമെടുത്ത് സാംജി ആരംഭിച്ച റിലീഫ് സ്റ്റോർ ഇന്നും നാട്ടുകാരുടെ മനസ്സിലുണ്ട്. പഠനകാലത്തെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഏകോപിപ്പിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായമെത്തിക്കാൻ അദ്ദേഹം മുൻകൈ എടുത്തു.

• നിലമ്പൂരിലേക്കൊരു കനിവ്: 2019-ൽ മലബാറിലെ പ്രളയബാധിതരെ സഹായിക്കാൻ ‘കനിവോട് റാന്നി’ എന്ന പേരിൽ സഹായഹസ്തവുമായി അദ്ദേഹം മലബാറിലേക്ക് യാത്ര തിരിച്ചു. “കഴിഞ്ഞ വർഷം ഞങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്കണം” എന്ന നിലപാട് ഒരു നാടിന്റെ തന്നെ അഭിമാനമായി മാറി.

മാറ്റത്തിനായി റാന്നി ഒരുങ്ങുന്നു

റാന്നി എസ്‌സി ഹയർ സെക്കണ്ടറി സ്കൂളിൽ കെഎസ്‌യുവിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ സാംജി, മണ്ഡലത്തിലെ ഓരോ മുക്കും മൂലയും പരിചിതനായ നേതാവാണ്. ഉടയാത്ത കുപ്പായമിട്ട് വോട്ട് ചോദിച്ചു വരുന്നവരേക്കാൾ, നാട് മുങ്ങിത്താഴുമ്പോൾ രക്ഷിക്കാൻ ഓടിയെത്തുന്നവരെയാണ് റാന്നിക്ക് ആവശ്യമെന്ന് സോഷ്യൽ മീഡിയയിലും അണികൾക്കിടയിലും ചർച്ചകൾ സജീവമാണ്.

“ഒരു നാടിനാവശ്യം എല്ലാ കാലത്തും നാടിനോടൊപ്പം നിൽക്കുന്നവരെയാണ്. അല്ലാതെ തിരഞ്ഞെടുപ്പ് ആകുമ്പോൾ നൂലിൽ കെട്ടി ഇറക്കുന്നവരെയല്ല.” – മണ്ഡലത്തിലെ ഒരു യുവ പ്രവർത്തകൻ പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിയ വോട്ടുകൾക്ക് നഷ്ടപ്പെട്ട റാന്നി മണ്ഡലം, സാംജി ഇടമുറിയിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. യുവത്വത്തിന്റെ കരുത്തും ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed