കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

പൊടിമറ്റത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മാണം: കടമുറി ഒഴിവാക്കി; പ്രതിഷേധത്തിനൊടുവിൽ ഒത്തുതീർപ്പ്

0
a5bf3d6f-91e8-4edf-9a9f-47df843ec3bd

കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ പൊടിമറ്റത്ത് സെന്റ് ഡൊമിനിക്‌സ് കോളേജിന് മുൻവശം നിർമ്മിക്കുന്ന പുതിയ വെയ്റ്റിംഗ് ഷെഡിനോടൊപ്പം കടമുറി പണിയാനുള്ള നീക്കം ഉപേക്ഷിച്ചു. പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്നാണ് നടപടി. കടമുറി ഒഴിവാക്കി സാധാരണ രീതിയിലുള്ള തുറസ്സായ വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കാൻ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി.

പ്രതിഷേധത്തിന് കാരണമായത് സാമൂഹ്യവിരുദ്ധ ശല്യം

വർഷങ്ങൾക്ക് മുൻപ് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവക വെയ്റ്റിംഗ് ഷെഡ് നിർമ്മാണത്തിനായി വിട്ടുനൽകിയ സ്ഥലത്താണ് പുതിയ കെട്ടിടം പണിയാൻ പാറത്തോട് പഞ്ചായത്ത് തീരുമാനിച്ചത്. മുൻപ് ഇവിടെ വശങ്ങൾ കെട്ടിമറച്ച നിലയിലുള്ള ഷെഡും കടമുറിയും ഉണ്ടായിരുന്നു. എന്നാൽ, അടച്ചുറപ്പുള്ള ഇത്തരം നിർമ്മാണങ്ങൾ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നുവെന്നും ഇത് പള്ളിയുടെ പവിത്രതയെ ബാധിക്കുന്നുവെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.

സാധാരണ നിലയിലുള്ള, തുറസ്സായ വെയ്റ്റിംഗ് ഷെഡ് മതിയെന്ന ആവശ്യവുമായി വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ രംഗത്തെത്തുകയായിരുന്നു.

എംഎൽഎയുടെ ഇടപെടലും പുതിയ തീരുമാനവും

പ്രതിഷേധം ശക്തമായതോടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ചർച്ച നടത്തി. ഇടവകക്കാരുടെ ആശങ്ക പരിഗണിച്ച് കടമുറി ഒഴിവാക്കി പുതിയ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാൻ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് നിർദ്ദേശം നൽകി. തുടർന്ന് പുതിയ വെയ്റ്റിംഗ് ഷെഡിന്റെ നിർമ്മാണോദ്ഘാടനം എംഎൽഎ നിർവ്വഹിച്ചു.

സോഷ്യൽ മീഡിയയിൽ ഭിന്നത

അതേസമയം, ഈ പ്രതിഷേധത്തിന് പിന്നിൽ മറ്റ് താല്പര്യങ്ങൾ ഉണ്ടെന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വർഷങ്ങളായി അവിടെ കടമുറി ഉണ്ടായിരുന്നതാണെന്നും, പള്ളി ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളേക്കാൾ കുറഞ്ഞ വാടകയ്ക്ക് പഞ്ചായത്ത് മുറി നൽകുന്നത് തടയാൻ ചിലർ മനപ്പൂർവ്വം വിവാദമുണ്ടാക്കിയതാണെന്നുമാണ് ഒരു വിഭാഗത്തിന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *