ഇൻഷുറൻസ് തീർന്ന് മണിക്കൂറുകൾക്കുള്ളിൽ കാഞ്ഞിരപ്പള്ളിയിൽ അപകടം: 42 ലക്ഷം രൂപ ഉടമയും ഡ്രൈവറും നൽകാൻ കോടതി വിധി
കാഞ്ഞിരപ്പള്ളി: വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലുണ്ടായ അപകടത്തിൽ, മരിച്ച യുവാവിന്റെ കുടുംബത്തിന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കാറുടമയും ഡ്രൈവറും ചേർന്നാണ് ഈ തുക നൽകേണ്ടത്. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ തുക നൽകാനുള്ള ബാധ്യത കമ്പനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചത്.
സംഭവത്തിന്റെ ചുരുക്കം
2023 മാർച്ച് 27-ന് വൈകിട്ട് 4:25-ഓടെ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിന് മുൻപിലായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി സ്വദേശി ഓടിച്ചിരുന്ന ഇന്നോവ കാർ ബൈക്കിലിടിച്ചാണ് നട്ടാശേരി സ്വദേശിയായ 19-കാരൻ മരിച്ചത്.
വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി അപകടം നടന്നതിന്റെ തലേദിവസം അർധരാത്രിയോടെ അവസാനിച്ചിരുന്നു. പുതിയ ഇൻഷുറൻസ് എടുക്കുന്നതിലെ വീഴ്ചയാണ് ഉടമയ്ക്കും ഡ്രൈവർക്കും തിരിച്ചടിയായത്.