കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണം പ്രതിസന്ധിയിലോ ..? കരാർ കമ്പനി പണികൾ നിർത്തിവച്ചു .. ?
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്കാരുടെയും, കാഞ്ഞിരപ്പള്ളി എം.എൽ.എ. ഡോ. എൻ. ജയരാജിന്റെയും സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസ് താത്കാലിക പ്രതിസന്ധിയിൽ. അനുവദിച്ച ബഡ്ജറ്റ് തികയുകയില്ല എന്നും , കൂടുതൽ തുക അനുവദിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് കരാർ ഏറ്റെടുത്തു പണികൾ നടത്തിക്കൊണ്ടിരിക്കുന്ന ഗുജറാത്തിലെ ബാക്ക്ബോൺ കോൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പണികൾ നിലവിൽ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. 2025 മാർച്ച് മൂന്നിന് പണികൾ തീരുമെന്ന ഉറപ്പിലാണ് കരാർ കമ്പനി ടെൻഡർ ഉറപ്പിച്ച് പണികൾ ആരംഭിച്ചത് . എന്നാൽ കമ്പനിയുടെ അപ്രതീക്ഷിത നീക്കം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇടഞ്ഞുനിൽക്കുന്ന ബാക്ക്ബോൺ കമ്പനിയുമായി അടുത്ത ആഴ്ച അധികാരികൾ ചർച്ചകൾ നടത്തുമെന്നാണ് അറിയുന്നത്. ചർച്ച വിജയിച്ചില്ലെങ്കിൽ , പുതിയ കരാർ കമ്പനിയെ പണികൾ ഏൽപ്പിക്കേണ്ടി വന്നേക്കാം . വീണ്ടും റീ ടെൻഡർ നടപടികളുമായി ആദ്യം മുതൽ തുടങ്ങേണ്ടി വന്നാൽ, ബൈപാസ് നിർമ്മാണം വീണ്ടും വലിയ പ്രതിസന്ധിയിലായേക്കും. അങ്ങനെയെങ്കിൽ ദിനംപ്രതി ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന കാഞ്ഞിരപ്പള്ളിക്കാർ ഇനിയും കുറേനാൾ കൂടി അങ്ങനെ സഹിച്ച് തുടരേണ്ടിവരും.