മുണ്ടക്കയം ഗ്രാമീണ മേഖലയില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു, ഒരു ലക്ഷം രൂപയ്‌ക്ക് 3000 മുതല്‍ പതിനായിരം രൂപ വരെ പലിശ, വരിക്കാനി, വണ്ടൻപതാൽ മേഖലയിൽ മുണ്ടക്കയം പോലീസിന്റെ മിന്നൽ പരിശോധന
മുണ്ടക്കയത്തിന്റെ അതിര്‍ത്തി പഞ്ചായത്തുകളില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത വീട്ടമ്മമാരില്‍ നിന്ന് വരെ വന്‍ തുക തട്ടിയെടുക്കുന്ന വനിതകള്‍ അടക്കമുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സൂചനകള്‍ ഉണ്ട്
ഗ്രാമീണ മേഖലയില്‍ ബ്ലേഡ് പലിശയ്‌ക്ക് പണം നല്‍കുന്നവര്‍ പിടിമുറുക്കുന്നു. ഒരു ലക്ഷം രൂപയ്‌ക്ക് 3000 മുതല്‍ പതിനായിരം രൂപ വരെ പലിശ കണക്കാക്കി ആണ് പണം നല്‍കല്‍. ചെറുകിട വ്യാപാരികള്‍, തൊഴിലാളികള്‍, വീട്ടമ്മമാര്‍, കരാറുകാര്‍ എന്നിവരാണ് ഇവരുടെ ഇരകള്‍. ഭൂമിയുടെ ആധാരം, ചെക്ക്, വാഹനങ്ങളുടെ ആര്‍സി ബുക്ക് തുടങ്ങിയവ ഈട് വാങ്ങും. വാഹനം പണയം എടുത്തും പണം നൽകുന്നവർ മുണ്ടക്കയം മേഖലയിൽ ഉണ്ട്, ഇത്തരം രേഖകൾ വീടുകളിൽ സൂക്ഷിക്കുന്നവരെ പിടികൂടാൻ മുണ്ടക്കയം പോലീസ് ഇന്ന് രാവിലെ മുണ്ടക്കയം, വരിക്കാനി, വണ്ടൻപതാൽ മേഖലയിൽ മിന്നൽ പരിശോധന നടത്തി
മൂന്ന് മാസം വരെ പലിശ മുടങ്ങിയാല്‍ ജാമ്യം നല്‍കുന്ന ഭൂമി, വസ്തുക്കള്‍ എന്നിവ പിടിച്ചെടുക്കും എന്ന് ഭയപ്പെടുത്തി പണവും, പലിശയും തിരിച്ച് വാങ്ങുന്നതാണ് രീതി. അതിര്‍ത്തി പഞ്ചായത്തുകളില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത വീട്ടമ്മമാരില്‍ നിന്ന് വരെ വന്‍ തുക തട്ടിയെടുക്കുന്ന വനിതകള്‍ അടക്കമുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സൂചനകള്‍ ഉണ്ട്. ചെറിയ തുകകള്‍ വാങ്ങി പലിശ യഥാസമയം നല്‍കി വിശ്വാസം നേടിയ ശേഷം വന്‍ തുക ആവശ്യപ്പെടുന്നതാണ് രീതി. പണം ലഭിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ അറിയാതെ സ്വര്‍ണം വരെ പണയപ്പെടുത്തി തുക വാങ്ങും.
ഈ സംഘങ്ങള്‍ ആദ്യം കയ്യിലെടുക്കുന്നതു പ്രാദേശിക രാഷ്‌ട്രീയ നേതാക്കളെയാണ്. പ്രദേശത്തു ശക്തരായ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കിയാണ് ഇവര്‍ സ്വാധീനമുണ്ടാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓപ്പറേഷന്‍ കുബേര അടക്കം പോലീസ് ഇടപെടലുകള്‍ ശക്തമായതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ച ബ്ലേഡുകാര്‍ വീണ്ടും തല പൊക്കി തുടങ്ങി