മുണ്ടക്കയം ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം അപകടം; കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു, 15 സ്കൂൾ കുട്ടികൾ ചികിത്സ തേടി
മുണ്ടക്കയം: ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അപകടത്തിൽ രണ്ട് സ്കൂൾ കുട്ടികൾക്കും കാർ ഡ്രൈവർക്കും ഗുരുതരമല്ലാത്ത പരിക്കേറ്റു. ബസിലുണ്ടായിരുന്ന 13 കുട്ടികളെ മുൻകരുതൽ എന്ന നിലയിൽ പറത്തോട് ഹൈറേഞ്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന ബസിലേക്ക് കാർ വന്നിടിക്കുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അപകടത്തിന് പിന്നാലെ കാറിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പി കണ്ടെടുത്തു. നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന കാര്യത്തിൽ വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകും.