പൂഞ്ഞാർ മണ്ഡലത്തിൽ രണ്ട് ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിന് 53 ലക്ഷം രൂപ അനുവദിച്ചു
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ രണ്ട് ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിനായി സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന തുക അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടച്ചോറ്റി ശ്രീസരസ്വതി ദേവി ക്ഷേത്രത്തോടനുബന്ധിച്ചുള്ള കുളം നിർമ്മാണത്തിന് 17 ലക്ഷം രൂപയും കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പശ്ചിമ ദേവീ ക്ഷേത്രത്തോടനുബന്ധിച്ചുള്ള കുളം നിർമ്മാണത്തിന് 36 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രങ്ങളും നവീകരിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഇറിഗേഷൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് എംഎൽഎ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
25 x 15 മീറ്റർ ചുറ്റളവിലാണ് പശ്ചിമദേവി ക്ഷേത്രക്കുളം നിർമ്മിക്കുക. അതോടൊപ്പം കുളത്തിന്റെ മൂന്നു വശങ്ങളിൽ 4 മീറ്റർ ഉയരത്തിൽ 7.5 മീറ്റർ വീതീയിൽ കടവും നിർമ്മിക്കും.
ഇടച്ചോറ്റി ശ്രീസരസ്വതിദേവീ ക്ഷേത്രത്തിന്റെ കുളം 5 x 5 മീറ്റർ ചുറ്റളവിലാണ് വിഭാവനം ചെയ്‌തിട്ടുള്ളത്. 4 മീറ്റർ ഉയരത്തിൽ കരിങ്കൽ കെട്ടി 5 മീറ്റർ വീതിയിലും 7 മീറ്റർ നീളത്തിലും കടവും നിർമ്മിക്കും . കൂടാതെ കുളത്തിനു ചുറ്റും സുരക്ഷിത ഹാൻഡ് റെയിൽ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രവർത്തികൾ ടെൻഡർ ചെയ്തതായും ഉടൻതന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു
Make a news