ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്
പീരുമേട്: ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം കടുവാപ്പാറയിൽ സ്വകാര്യ ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
തങ്കമണിയിൽ നിന്നും ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘അപ്പൂസ്’ എന്ന സ്വകാര്യ ബസും തമിഴ്നാട്ടിൽ നിന്നും എത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പീരുമേട് ഫയർ ഫോഴ്സ്, പെരുവന്താനം പോലീസ്, മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.