മുണ്ടക്കയം പോലീസിന് പണികൾ ഏറെ ഉണ്ട്, മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ നിന്നും ജില്ലാ പൊലീസ് ആസ്ഥാനത്തേക്കുള്ള ദൂരം 52 കിലോമീറ്റർ. ഇതിലും ദൂരത്തിലാണ് മുണ്ടക്കയം സ്റ്റേഷന്റെ അധികാര പരിധി…
55 കിലോമീറ്റർ ദൂരത്തിൽ വരെ നിയമപാലനം നടത്തേണ്ടി വരുന്ന പൊലീസ് സ്റ്റേഷനിൽ പല സ്ഥലങ്ങളിലായി ഔട്ട് പോസ്റ്റുകൾ തുടങ്ങണം എന്ന ആവശ്യം ശക്തം. ഒരു അഡീഷനൽ എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർ 24 മണിക്കൂറും നാടിനു വേണ്ടി സേവനം ചെയ്ത ഒരു പൊലീസ് ഔട്ട് പോസ്റ്റ് കൂട്ടിക്കൽ ഗ്രാമത്തിൽ ഉണ്ടായിരുന്നു. രണ്ടര പതിറ്റാണ്ടിനു മുൻപ് പൂട്ടു വീണ ഔട്ട് പോസ്റ്റ് കെട്ടിടം കാടു കയറി നശിക്കുമ്പോൾ ഇവിടെ എങ്കിലും വീണ്ടും നിയമപാലകരുടെ സേവനം ഏർപ്പെടുത്തണം എന്നാണ് ആവശ്യം.
മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ നിന്നും ജില്ലാ പൊലീസ് ആസ്ഥാനത്തേക്കുള്ള ദൂരം 52 കിലോമീറ്റർ. ഇതിലും ദൂരത്തിലാണ് ഇൗ സ്റ്റേഷന്റെ അധികാര പരിധി. കൂട്ടിക്കൽ വില്ലേജിൽ ഉൾപ്പെടുന്ന വാഗമൺ തങ്ങൾ പാറ ഉൾപ്പെടെ 100 സ്ക്വയർ കിലോമീറ്ററാണ് സ്റ്റേഷന്റെ ചുമതല. തങ്ങൾ പാറയിൽ എത്തണമെങ്കിൽ 55 കിലോമീറ്റർ ഇടുക്കി ജില്ലയിലൂടെ സഞ്ചരിക്കണം. വാഗമൺ സിമി ക്യാംപിന്റെ പ്രധാന സ്ഥലവും മുണ്ടക്കയം സ്റ്റേഷന്റെ അധികാര പരിധിയിൽ ആണ്. ചരിത്ര പ്രസിദ്ധമായ തങ്ങൾ പാറയുടെ സുരക്ഷാ ചുമതലയും ഉൾപ്പെടുന്നു.
കൂട്ടിക്കൽ ഇളംകാട് വാഗമൺ റോഡ് നിർമാണം പൂർത്തിയായാൽ 20 കിലോമീറ്റർ സഞ്ചരിച്ച് ഇവിടെയെത്താൻ കഴിയും. റോഡ് നിർമാണം മുടങ്ങിക്കിടക്കുന്നതിനാൽ ഏലപ്പാറ വഴി ചുറ്റി സഞ്ചരിച്ചാണ് പൊലീസ് ഇൗ സ്ഥലങ്ങളിൽ എത്തുന്നത്. കൂട്ടിക്കൽ കൂടാതെ കോരുത്തോട് ടൗണിലും ഔട്ട് പോസ്റ്റ് തുടങ്ങണം എന്ന ആവശ്യം മുൻപ് ഉണ്ടായി എങ്കിലും നടപടി എങ്ങുമെത്തിയില്ല.
ലോക്കപ്പ് ഉൾപ്പെടെയുള്ള പ്രധാന കെട്ടിടം, പൊലീസുകാർക്ക് താമസിക്കാനുള്ള മുറികൾ എന്നിവ ഉൾപ്പെടുന്നത് ആയിരുന്നു ഔട്ട് പോസ്റ്റ്. പഴയ ബോർഡ് സഹിതം ഇപ്പോഴും നിലവിൽ ഉണ്ടെങ്കിലും കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും കാടു കയറി. കാട്ടുപന്നികൾ വരെ ഇവിടെ താവളം ആക്കിയതോടെ സമീപവാസികൾ ഭീതിയിലാണു. മുൻ കാലങ്ങളിൽ ഔട്ട് പോസ്റ്റ് കെട്ടിടം സാമൂഹിക വിരുദ്ധ താവളമായും മാറിയിരുന്നു.