കേരള ടുഡേ വാർത്തയെ തുടർന്ന് ഒരിക്കൽ അടച്ച കുഴി വീണ്ടും അതേ പടി, പൈങ്ങണയിലെ കൊടും വളവിലെ കുഴി യാത്രക്കാർക്ക് തലവേദനയാകുന്നു

കൊട്ടാരക്കര – ദിണ്ഡിഗല്‍ ദേശീയപാതയില്‍ ഏറ്റവും അപകട സാധ്യതയുള്ള പ്രദേശമാണ് പൈങ്ങണയിലെ കൊടും വളവ്. ദിനം പ്രതി നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. അപകടവളവ് നിവര്‍ത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലങ്ങളായി നാട്ടുകാര്‍ പ്രക്ഷോഭം ഉള്‍പ്പടെ സംഘടിപ്പിച്ചിട്ടും ഫലം കണ്ടിരുന്നില്ല. വളവ് നിവര്‍ത്തിയാല്‍ അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ദേശീയ പാതയില്‍ പൈങ്ങണ എസ്.എൻ.ഡി.പി കവല മുതല്‍ 31ാം മൈല്‍ വേ ബ്രിജ് വരെയുള്ള ഭാഗത്ത് ആറു വളവുകളിലായി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.
നിലവില്‍ ശക്തമായ മഴയെ തുടർന്ന് പൈങ്ങണയ്ക്കു സമീപവും ടൗണില്‍ മുണ്ടക്കയം ബസ്സ്റ്റാൻഡ് കവാടത്തിലുമാണ് കുഴികള്‍ രൂപപ്പെട്ടത്. കുഴിയില്‍ ചാടി ഇരുചക്ര വാഹനങ്ങളാണ് അധികവും അപകടത്തില്‍പെടുന്നത്. എത്രയും വേഗം കുഴി അടച്ചു പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു.