ചിറക്കടവിലെ സ്വാതന്ത്ര്യ സമര സേനാനി വി. വി വർക്കിയുടെ മുപ്പത്തി ഒൻപതാം ചരമവാർഷികം ഇന്ന്
കാഞ്ഞിരപ്പള്ളി:ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ചിറക്കടവിന്റെ നാമം രേഖപ്പെടുത്തിയ സേനാനിയും കേരളത്തിന്റ ഡാൻസിറാണി അക്കാമ്മ ചെറിയാന്റെ ഭർത്താവുമായ വി. വി. വർക്കി ഓർമ്മയായിട്ട് ഇന്ന് 39 വർഷം പൂർത്തിയാകുന്നു,
1932 ൽ ആയിരുന്നു ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് അധികാരമേറ്റത്. നിലവിലുണ്ടായിരുന്ന നിയമസഭയ്ക്ക് പകരം ദ്വിമണ്ഡല നിയമസഭ അദ്ദേഹം ഏർപ്പെടുത്തി. ശ്രീമൂലം അസംബ്ലിയും ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിലും. ഭൂനികുതി അടിസ്ഥാനമാക്കി വോട്ടവകാശം നിർണയിച്ചിരുന്നതിനാൽ,
ഭൂവുടമകളായ സവർണ്ണ ഹിന്ദുക്കൾക്കു മാത്രമേ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ കഴിയുമായിരുന്നുള്ളൂ
ഇതിനകംതന്നെ ശക്തിയാർജിച്ചിരുന്ന സാമുദായിക സംഘടനകളും, ആധുനിക വിദ്യാഭ്യാസം ലഭിച്ച യുവശക്തിയും,മിഷനറി പ്രവർത്തനങ്ങളിലൂടെ പകർന്നുകിട്ടിയ ലോകവിവരവും
ഉണ്ടായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പുതിയ നിയമ പരിഷ്കാരത്തിൽ മുസ്ലിം,ക്രിസ്ത്യൻ, ഈഴവ സമുദായങ്ങളിൽ ശക്തമായ അസംതൃപ്തി വളർന്നുവന്നു.
ജനസംഖ്യാനുപാതികമായി സ്ഥാനം വേണമെന്ന (ഉദ്യോഗത്തിലും നിയമസഭയിലും) നിവേദനങ്ങൾ കണക്കിലെടുക്കാതെ
തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ നിശ്ചയിച്ചു. സംയുക്ത രാഷ്ട്രീയസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ഇതായിരുന്നു നിവർത്തന പ്രസ്ഥാനം……………
ഇതിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിലേക്കു കടന്നുവന്ന് കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ നേതാവായി മാറിയ വ്യക്തിയായിരുന്നു V.V.വർക്കി. നിവർത്തന പ്രക്ഷോഭത്തിന്റെ
തിരയിളക്കം കോട്ടയം ജില്ലയിൽ ചിറക്കടവ് കിഴക്കുഭാഗത്ത്
V.V. വർക്കിയുടെ നേതൃത്വത്തിൽ ആരംഭിച്ചത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവിടെ യോഗങ്ങൾ, പ്രകടനങ്ങൾ, നിരോധനങ്ങൾ, അറസ്റ്റ് എന്നിവയൊക്കെ നടന്നു…..
ചിറക്കടവിലെ സാമാന്യം സമ്പന്നമായ വെട്ടിക്കാപ്പള്ളിൽ കുടുംബത്തിൽ 1908 ഒക്ടോബർ 17 ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. (കിഴക്കുംഭാഗത്ത് പറപ്പള്ളിതാഴത്തുകവലയ്ക്കു സമീപം പാറപ്പള്ളിൽ ശ്രീ. കരുണാകരൻ നായരുടെ വീടിനു ചേർന്ന് ) പിന്നീട് അദ്ദേഹത്തിന് കുടുംബ ഓഹരിയായി ലഭിച്ച വീട്ടിലേക്ക് (മണ്ണംപ്ലാവ് പഴയ ഷാപ്പുപടി – കൊല്ലമലപ്പടി റോഡ് സൈഡ് ) താമസം മാറി. അവിടെ 20 വർഷത്തോളം താമസിച്ചു. ഒരു മകൻ ഉണ്ട് – ജോർജ് വർക്കി. തിരുവനന്തപുരത്ത് PTP നഗറിൽ താമസം………….
ചിറക്കടവ് St. Ephrems L P സ്കൂൾ, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെൻറ് U P സ്കൂൾ, പാലാ സെൻറ് തോമസ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി S B കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് B A ഓണേഴ്സ്സ് പൂർത്തിയാക്കി. നിയമപഠനത്തിന് തിരുവനന്തപുരം ലോ കോളേജിൽ ചേർന്നെങ്കിലും അത് പൂർത്തിയാക്കിയില്ല……..
ഇത്രയും വിദ്യാഭ്യാസം ലഭിച്ചയാൾ എന്ന നിലയിൽ ഒരു ജോലി ലഭിക്കുന്നതിന് അത് ധാരാളമായിരുന്നുവെങ്കിലും, വിദേശശക്തി നയിക്കുന്ന ഗവൺമെന്റിനെ സേവിക്കാൻ താല്പര്യമില്ലാത്തതിനാൽ സർക്കാർ ജോലിക്കു ശ്രമിച്ചില്ല. അതേ സമയം സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ ഒരു ചടങ്ങിൽ എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ ഗാന്ധിതൊപ്പി വെക്കാൻ പ്രിൻസിപ്പൽ അനുവദിച്ചില്ലെങ്കിലും ആ ആവശ്യം അംഗീകരിപ്പിച്ചതു മുതലാണ് അദ്ദേഹത്തിന്റെ സമര ജീവിതത്തിന്റെ തുടക്കം………
1954 ൽ പൊൻകുന്നത്ത് കോസ്മോ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം
അധ്യാപകനായിരുന്നു. കുറേക്കാലം കോട്ടയത്ത് പ്രൊഫസർ എം.പി. പോളിന്റെ ട്യൂട്ടോറിയൽ കോളേജിലും പൈകടാസ് കോളേജിലും അധ്യാപകനായും ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രത്തിലും (മദ്രാസ് ഓഫീസിൽ) ജോലി ചെയ്തു. ജോലി പൊതുജീവിതത്തിന്
തടസ്സമായപ്പോൾ ജോലിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഒപ്പം തനിക്കേറെ ഇഷ്ടപ്പെട്ട കാർഷിക വൃത്തിയിൽ താല്പര്യപൂർവ്വം തുടരുകയുമായിരുന്നു. അദ്ദേഹം ഒരു വോളിബോൾ പ്രേമിയും ആയിരുന്നു.ധാരാളം പുസ്തക ശേഖരവും പരന്ന വായനയും
ഉണ്ടായിരുന്ന അദ്ദേഹം നല്ല പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. ചിറക്കടവ് ഗ്രാമദീപം വായനശാലയുടെ പ്രാരംഭകാലത്ത് ഉപരക്ഷാധികാരി എന്നനിലയിൽ അദ്ദേഹം ചെയ്ത സേവനങ്ങളെ
ഇപ്പോഴത്തെ ഭാരവാഹി എന്ന നിലയിൽ ഞാൻ ഇവിടെ സ്മരിക്കുന്നു……..
അന്ധവിശ്വാസത്തിനും പിന്തിരിപ്പൻ മനസ്ഥിതിക്കും എതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. ഇടിമിന്നലിൽ നിന്ന് രക്ഷ നേടാൻ പള്ളിക്കു മുകളിൽ കാന്തം സ്ഥാപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “ദൈവം നമ്മളെ രക്ഷിക്കും, ദൈവത്തെ കാന്തം രക്ഷിക്കും” എന്നായിരുന്നു……..
രാഷ്ട്രീയത്തിന് ഉപരിയായി ഗാഢമായ സൗഹൃദം എല്ലാവരുമായി പുലർത്തുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ടി.വി. തോമസ്, പി.ഗോവിന്ദപ്പിള്ള, കെ. ആർ. ഗൗരിയമ്മ, ബേബിജോൺ, ആർ. ശ്രീകണ്ഠൻ നായർ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു………
1942 ൽ ആരംഭിച്ച ക്വിറ്റിന്ത്യാ സമരത്തെ തുടർന്ന് പി.ടി. ചാക്കോ, അക്കാമ്മ ചെറിയാൻ, കെ.ജെ.തോമസ് എന്നിവർക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. പലപ്പോഴായി രണ്ടു വർഷം ജയിൽവാസം. ശ്രീ.രവീന്ദ്രൻ വൈദ്യർക്കൊപ്പം (കോരുത്തോട്) തിരുവനന്തപുരം സെൻട്രൽ ജയിലിൽ കിടന്നു. മഹാരാജാവിനെ ‘ബൊമ്മ’ എന്നു വിളിച്ച് പ്രസംഗിച്ചതിനായിരുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചത്. 1946 ൽ കപ്പാട് (കാഞ്ഞിരപ്പള്ളി) നടന്ന കോൺഗ്രസ് മഹാസമ്മേളനത്തിൽ പ്രസംഗിച്ചതിന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 10 ദിവസം ശിക്ഷിക്കുകയും ചെയ്തു……..
1938 ഒക്ടോബർ 23ന് ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ ജന്മദിനത്തിൽ രാഷ്ട്രീയ തടവുകാരുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട്
നടത്താൻ നിശ്ചയിച്ച മാർച്ചിന് നേതൃത്വം നൽകാൻ
അപൂർവ വ്യക്തിയെ അന്വേഷിച്ചപ്പോൾ, കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ കുടുംബാംഗമായ ശ്രീമതി. അക്കാമ്മ ചെറിയാനിൽ ആണ് അന്വേഷണം അവസാനിച്ചത്. പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവായി മാറിയ സ.P.കൃഷ്ണപിള്ളയായിരുന്നു ഈ നിർദേശത്തിന് പിന്നിൽ.
(അന്ന് ആ മഹതി കാഞ്ഞിരപ്പള്ളി സെൻറ് മേരീസ് മിഡിൽ സ്കൂളിലെ HM ആയിരുന്നു.) അവരെ കണ്ട് അനുവാദം മേടിക്കുന്നതിനുള്ള
ദൗത്യം V.V. വർക്കിയിൽ ആയിരുന്നു നിക്ഷിപ്തമായത്. അതിന് പ്രത്യേക കാരണവും ഉണ്ടായിരുന്നു. സ്കൂളിന്റെ 1933 ലെ വാർഷിക യോഗത്തിന്റെ മുഖ്യപ്രഭാഷകൻ സ്വാതന്ത്ര്യസമര പോരാളിയായ V.V.വർക്കി ആയിരുന്നു. അദ്ദേഹത്തിന്റെ അന്നത്തെ പ്രഭാഷണം വഴിയാണ് അക്കാമ്മ ചെറിയാന്റെ മനസ്സിൽ രാഷ്ട്രീയത്തിന്റെ വിത്ത് പാകപ്പെട്ടത്. (അന്നത്തെ പരിചയം 1952 നവംബർ 24 ന് ഇരുവരുടെയും വിവാഹത്തിൽ എത്തി) കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തെ വീട്ടിലെത്തി
അവരുടെ ബന്ധുമിത്രാദികളുമായി സംസാരിച്ച് അദ്ദേഹത്തിന്റെ ഉദ്യമം
വിജയത്തിലെത്തിച്ചു. സ്കൂളിന്റെ HM പദവി രാജിവെച്ചായിരുന്നു അവർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്………..
1952 ൽ വാഴൂർ മണ്ഡലത്തിൽനിന്ന് അദ്ദേഹം നിയമസഭയിലേക്ക് (തിരു-കൊച്ചി) മത്സരിച്ച് വിജയിച്ചു. വാഴൂരിന്റെ പ്രഥമ MLA ആയിരുന്നു അദ്ദേഹം. ശ്രീ. A.J. ജോൺ ആയിരുന്നു അന്ന് മുഖ്യമന്ത്രിയായത്………
തിരുവിതാംകൂറിന്റെ ‘ഝാൻസി റാണി’ എന്നറിയപ്പെട്ട, മുൻ സ്റ്റേറ്റ്കോൺഗ്രസ് പ്രസിഡണ്ട് കൂടിയായ അക്കാമ്മ വർക്കിക്ക്
1952 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സീറ്റ് നിഷേധിക്കപ്പെട്ടത് കോൺഗ്രസിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഇരുവരെയും വേദനിപ്പിച്ചു. തുടർന്നു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും കാഞ്ഞിരപ്പള്ളി ഉൾപ്പെടുന്ന മീനച്ചിൽ മണ്ഡലത്തിൽ
അക്കാമ്മ വർക്കി പരിഗണിക്കപ്പെട്ടെങ്കിലും സീറ്റ് നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്. നമ്മുടെ നാട്ടുകാരൻ ആയ ശ്രീ. പി.ടി. ചാക്കോ ആണ് അന്ന് മത്സരിച്ചത്. 1954 ൽ അദ്ദേഹം ലോക്സഭാംഗത്വം രാജിവെച്ചു. ഈ ഘട്ടത്തിലും അക്കാമ്മ വർക്കിയെ പരിഗണിക്കാതെ ധനാഢ്യനായ
ശ്രീ.ജോർജ്ജ് തോമസ് കൊട്ടുകാപ്പള്ളിയെ ആണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. അതൊരു “Paid seat” ആയിരുന്നു എന്ന ആക്ഷേപവും ശക്തമായിരുന്നു. അന്ന് ലിക്വിഡേഷനിലേക്കു പൊയ്ക്കൊണ്ടിരുന്ന പാലാ സെൻട്രൽ ബാങ്കിന്റെ ചെയർമാൻ കൊട്ടുകാപ്പള്ളി ആയിരുന്നു.
അദ്ദേഹത്തെ MP ആക്കിയാൽ ഡൽഹി ബന്ധം ഉപയോഗപ്പെടുത്തി ലിക്വിഡേഷൻ ഒഴിവാക്കാമെന്നു ചിലർ കണക്കുകൂട്ടി. പക്ഷേ അതു നടന്നില്ല. അക്കാമ്മ വർക്കിയെ അനുനയിപ്പിക്കാനും വൻതുക വാഗ്ദാനം ചെയ്യപ്പെട്ടു. അന്ന് ആ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. എന്നിട്ടും ഇടനിലക്കാരനായി സമീപിച്ച ഉന്നതനായ നേതാവിനോട് (രാഷ്ട്രീയത്തിൽ V.V.വർക്കിയുടെ ശിഷ്യൻ) അദ്ദേഹം പറഞ്ഞ മറുപടി
ഒരു ബൈബിൾ വാക്യം ആയിരുന്നു.
“സാത്താനെ നീ എന്നിൽ നിന്നും അകന്നു പോവുക”
അക്കാമ്മ വർക്കി ജയിലിലായിരുന്നപ്പോൾ
പി.ടി. ചാക്കോയെ ഏൽപ്പിച്ച കത്തിൽ, “പട്ടം താണുപിള്ള യെക്കാൾ നേതൃസ്ഥാനത്തിന് അനുയോജ്യൻ കുമ്പളത്ത് ശങ്കുപിള്ളയാണെന്ന് ” എഴുതി എന്ന കാരണത്താൽ നേതൃത്വത്തിലെ പ്രമുഖർ അവരെ മനപൂർവ്വം അവഗണിക്കുകയായിരുന്നു.
ജീവിതകാലം മുഴുവൻ സ്നേഹിച്ച കോൺഗ്രസിൽ നിന്നുണ്ടായ തിക്താനുഭവം മീനച്ചിൽ ലോക്സഭാമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമെടുക്കുന്നതിന് ഇരുവരെയും പ്രേരിപ്പിച്ചു. അക്കാമ്മ വർക്കിയുടെ സ്ഥാനാർത്ഥിത്വത്തിന് ഇടതുപക്ഷവും ഇതര രാഷ്ട്രീയപ്രസ്ഥാനങ്ങളും പിന്തുണ നൽകി. അക്കാമ്മ വർക്കിയെ ‘കമ്യൂണിസ്റ്റ് ‘ എന്ന മുദ്ര ചാർത്തി എതിർക്കാൻ കത്തോലിക്കാസഭ, പാലാ അരമനയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. അങ്ങനെ തെരഞ്ഞെടുപ്പിൽ അവരെ പരാജയപ്പെടുത്താനായി. പിന്നീട് V.V.വർക്കിക്ക് PSC മെമ്പർ സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്……
അദ്ദേഹത്തിന്റെ ഏകമകൻ ശ്രീ.ജോർജ് വർക്കി യുടെ വാക്കുകൾ കടമെടുത്താൽ,
“ചിലരുടെ അധികാര മോഹങ്ങൾ കലുഷിതമാക്കിയ രാഷ്ട്രീയ കുതന്ത്രങ്ങളിൽ തന്റെ വിശ്വാസപ്രമാണങ്ങളും സത്യസന്ധതയെയും മുറുകെ പിടിച്ച് ആ സ്ത്രീരത്നത്തെ
(അക്കാമ്മ വർക്കിയെ)
ഇകഴ്ത്തുകയും തിരസ്കരിക്കുകയും നിന്ദിക്കുകയും ചെയ്ത അവസ്ഥ വന്നുചേർന്നു. ആ കാലഘട്ടങ്ങളിൽ എല്ലാം അമ്മയ്ക്ക് തുണയും ആശ്വാസവും ആയിരുന്നത് തന്റെ ‘രാഷ്ട്രീയഗുരു’ എന്ന് അമ്മതന്നെ വിശേഷിപ്പിച്ചിട്ടുള്ള എന്റെ പ്രീയപ്പെട്ട അച്ഛൻ ശ്രീ. വി.വി. വർക്കിയും വിരലിലെണ്ണാവുന്ന ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു.”………
(അക്കാമ്മ ചെറിയാൻ- ജന്മ ശതാബ്ദി സുവനീർ)
കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസ് രൂപം കൊണ്ടതിനുശേഷം 1967 – ൽ നടന്ന തെരഞ്ഞെടുപ്പിൽ , നീണ്ട 16 വർഷത്തെ ഇടവേളയ്ക്കു ശേഷം കോൺഗ്രസിന്റെ മുഖം രക്ഷിക്കാൻ വീണ്ടും അക്കാമ്മ വർക്കി സ്ഥാനാർഥി കുപ്പായം ഇട്ട് കാഞ്ഞിരപ്പള്ളിയിൽ മത്സരത്തിന് ഇറങ്ങിയത് ഇരുവർക്കുമുള്ള കേരളാ കോൺഗ്രസ് വിരോധം കൊണ്ടു മാത്രമായിരുന്നു. പക്ഷേ സിപിഐ എം സ്ഥാനാർഥി മുസ്തഫ കമാലിനെയാണ് വിജയം തുണച്ചത്…….
രാഷ്ട്രീയജീവിതം നേട്ടങ്ങൾക്കു പകരം കോട്ടങ്ങളാണ് ഇരുവർക്കും സമ്മാനിച്ചത്. ചിറക്കടവിൽ ശ്രീ.V.V. വർക്കിക്ക് ഉണ്ടായിരുന്ന 4 ഏക്കറോളം സ്ഥലം വിറ്റ് കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ കടം തീർത്തു. എരുമേലിയിൽ ആ മഹതിക്ക് കുടുംബഓഹരിയായി ലഭിച്ച 8 ഏക്കറോളം സ്ഥലവും അന്യകൈവശം എത്തി. തുടർന്ന് രാഷ്ട്രീയത്തിൽ നിന്നും പൂർണമായി പിൻവാങ്ങി കുടുംബസമേതം തിരുവനന്തപുരത്ത് ഉള്ളൂരിലെ ഒരു ചെറിയ വാടകവീട്ടിലേക്ക് താമസം മാറി. മിച്ചം ഉണ്ടായിരുന്ന തുകക്ക് അമ്പൂരിയിൽ അൽപം സ്ഥലവും വാങ്ങി……….
രാഷ്ട്രീയത്തിൽ ജ്വലിച്ചു നിന്നപ്പോൾ അർഹിക്കുന്ന പരിഗണന കൊടുത്തില്ലെങ്കിലും, 1972 – ൽ കേന്ദ്ര ഗവൺമെൻറ് ഇരുവർക്കും താമ്രപത്രം നൽകി ആദരിച്ചു.ഈ കുടുംബം ചിറക്കടവിൽ നിന്നും പറിച്ചു മാറ്റപ്പെട്ടതിനുശേഷം, ജീവിച്ചിരിക്കുന്നു എന്ന് രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്നത് താമ്രപത്രം നൽകിയ വാർത്ത പത്രത്താളുകളിൽ അച്ചടിച്ച് വരുമ്പോൾ മാത്രമായിരുന്നു…….
1986 ജൂലൈ 24 ന് തിരുവന്തപുരത്തുവെച്ച് സംഭവബഹുലമായ ആ ജീവിതത്തിന് തിരശീല വീണു. മുട്ടട ഹോളിക്രോസ്സ്പള്ളി സെമിത്തേരിയിൽ ആ ഭൗതികശരീരം അന്ത്യവിശ്രമം കൊള്ളുന്നു.
കടപ്പാട് : ശ്രീ സോജൻ ചിറക്കടവ്