കേരള കായികരംഗത്തിന്റെ കുലപതിയായ… കേരളത്തിന് കായിക മേഖലക്ക് പുതിയ ചരിത്രം സൃഷ്ടിച്ച മഹനീയ വ്യക്തി… ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ.
1908 ഒക്ടോബർ 13-ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ, കാഞ്ഞിരമറ്റം കൊട്ടാരത്തിൽ കാർത്തിക തിരുനാൾ അംബാലിക തമ്പുരാട്ടിയുടെയും പുതുശ്ശേരി മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെയും മകനായി ജനിച്ചു. പൂഞ്ഞാർ രാജകുടുംബത്തിന്റെ തന്നെ കീഴിൽ 1913-ൽ സ്ഥാപിച്ച എസ്സ്. എം. വി. (SMV) ഹൈസ്കൂളിൽ ആണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മെഡിസിനിൽ ബിരുദപഠനം നടത്തിയത് മദ്രാസിലായിരുന്നു.
1934 ജനുവരി 24-ന് തിരുവിതാംകൂറിന്റെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ഏക സഹോദരി കാർത്തിക തിരുനാൾ ലക്ഷ്മിഭായിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം തിരുവിതാംകൂർ സൈന്യത്തിൽ ക്യാപ്റ്റൻ ആയി സൈനിക സേവനത്തിൽ പ്രവേശിച്ചു 1950 ൽ ലെഫ്റ്റനന്റ് കേണൽ ആയി വിരമിച്ചു. പൂയം തിരുനാൾ ഗൌരി പാർവതി ഭായി, കേരളത്തിലെ പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരി അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി, മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ എന്നിവർ മഹാറാണി കാർത്തിക തിരുനാൾ – കേണൽ ഗോദവർമ്മ രാജാ ദമ്പതികളുടെ മക്കളാണ്.
മെഡിസിനു പഠിക്കുമ്പോള്‍ വിവാഹിതനായ രാജ പിന്നെ പഠനം തുടര്‍ന്നില്ല. ജീവിതം തന്നെ അദ്ദേഹം കായിക വിനോദരംഗങ്ങളിലെ സമഗ്രവികസനത്തിന് ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. അസംഘടിതമായ കേരളത്തിലെ കായികവേദിയെ സമുദ്ധരിക്കാനുള്ള ദൗത്യം ജീവിതവ്രതമായി ഏറ്റെടുത്ത കേണല്‍ ഗോദവര്‍മരാജ രൂപംനല്‍കിയ നിരവധി കായികസംഘടനകളില്‍ ഫുട്ബോളും ടെന്നീസും നീന്തലും ഒക്കെ ഉള്‍പ്പെടുന്നു. പൂഞ്ഞാര്‍ കോയിക്കലെ സ്വത്തുക്കള്‍ വീതംവയ്ക്കുന്ന സമയത്ത്, പ്രത്യേകിച്ച് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് താന്‍ പന്തുകളിച്ചിരുന്ന പഠിപ്പുരമുറ്റം കിട്ടിയാല്‍ മതിയെന്നായിരുന്നു ഗോദവര്‍മയുടെ മറുപടി. കാല്‍പ്പന്തുകളിയോട് അദ്ദേഹത്തിനുള്ള അഭിനിവേശം അത്രത്തോളമായിരുന്നു. മികച്ച കളിക്കാരുടെയും ടീമുകളുടെയും കളി കേരളീയര്‍ക്ക് കാണിച്ചു കൊടുക്കാന്‍ കേണല്‍ ഗോദവര്‍മരാജ കനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1955ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കേരളത്തില്‍ ആദ്യമായി അന്താരാഷ്ട്ര താരങ്ങള്‍ അണിനിരന്ന ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചത് മറ്റാരുമല്ല. സോവിയറ്റ് യൂണിയനില്‍നിന്നുള്ള ടീം ഇന്ത്യന്‍ ഇലവനുമായി മത്സരിച്ചു. ഇന്ത്യന്‍ ടീം ദയനീയമായി തോറ്റെങ്കിലും കേരളീയര്‍ ആദ്യമായി അന്താരാഷ്ട്ര നിലവാരമുള്ള ടീമിന്റെ പ്രകടനത്തിന് സാക്ഷ്യംവഹിച്ചു. പിന്നീട് ഇസ്രായേല്‍, ഇറാന്‍, പാകിസ്ഥാന്‍, ഇന്ത്യന്‍ ടീമുകളെ അണിനിരത്തി എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ ഏഷ്യന്‍കപ്പ് ഫുട്ബോള്‍ സംഘടിപ്പിച്ചു. ഒപ്പം ജി വി രാജയുടെ ശ്രമഫലമായി എറണാകുളത്ത് കേരളം ആദ്യമായി സന്തോഷ് ട്രോഫിക്ക് ആതിഥ്യംവഹിച്ചു. ടൂര്‍ണമെന്റിന്റെ അഭൂതപൂര്‍വമായ വിജയം, പിറ്റേവര്‍ഷത്തെ സന്തോഷ് ട്രോഫി തിരുവനന്തപുരത്തിന് അനുവദിക്കാന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ നിര്‍ബന്ധിതരാക്കി. 1960ല്‍ വീണ്ടും സന്തോഷ് ട്രോഫി കേരളത്തിലെത്തി. ഇത്തവണ കോഴിക്കോടായിരുന്നു വേദി. അദ്ദേഹം KFA പ്രസിഡന്റായിരിക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി സന്തോഷ് ട്രോഫി കേരളത്തിലെത്തി. 1966ല്‍ കൊല്ലത്ത്. എന്നാല്‍, കാല്‍നൂറ്റാണ്ടോളം KFA യുടെ സാരഥിയായിരുന്ന ഗോദവര്‍മരാജയെ 1967ല്‍ പിന്‍തലമുറക്കാര്‍ വേദനിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. ക്രമക്കേടുകളുടെയും അനാസ്ഥയുടെയും താവളമായി കെഎഫ്എ മാറുന്നുവെന്ന് തോന്നിയപ്പോള്‍ അദ്ദേഹം ഭാരവാഹിത്വം വിട്ടൊഴിഞ്ഞു. കായികവികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിവിധ കളികള്‍ക്ക് നാട്ടില്‍ പ്രചാരം നല്‍കാനും അദ്ദേഹം നല്‍കിയ സംഭാവന വളരെ വലുതാണ്.
കേരളത്തിൽ ടെന്നീസ് പ്രചരിപ്പിക്കുന്നതിനായി വിംബിൾഡൺ ജേതാവ് ബിൽ ടിൽഡണെ ഒരു പ്രദർശന മത്സരത്തിനായി ക്ഷണിച്ചു. ഇതിനെത്തുടർന്ന് 1938 ഫെബ്രുവരി 1-ന് തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സ്ഥാപിച്ചു. 1950 മുതൽ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. BCCI യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. BCCI സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ. 1954-ൽ രൂപവത്കരിക്കപ്പെട്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. കേരള സംസ്ഥാനം രൂപീകരിച്ചതോടെ ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ കേരള സ്പോർട്സ് കൗൺസിലായി മാറി. മരണം വരെ കൗൺസിലിന്റെ പ്രസിഡന്റായും തുടർന്നു. ട്രിവാൻഡ്രം ഗോൾഫ് ക്ലബ് കമ്മിറ്റി, വേളി ബോട്ട് ക്ലബ്, ട്രിവാൻഡ്രം ഫ്ലയിങ്ങ് ക്ലബ് എന്നിവയും സ്ഥാപിക്കുകയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനും വേണ്ടി യത്നിച്ച അദ്ദേഹം തിരുവിതാംകൂർ സർവകലാശാലയുടെ ലേബർ കോറിന്റെ കമാൻഡന്റായും സർവകലാശാലയുടെ ആദ്യത്തെ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്റ്ററുമായിരുന്നു. കോവളത്തെ വിനോദസഞ്ചാര മേഖലയാക്കി വളർത്തിയെടുത്ത അദ്ദേഹം KTDC-യുടെ ആദ്യത്തെ ചെയർമാനും അദ്ദേഹമായിരുന്നു.
1971ഏപ്രിൽ 30 ന് ഇന്ത്യ സ്പോർട്സ് കൌൺസിലിന്റെ മീറ്റിംഗിൽ പങ്കെടുക്കാനായി പട്യാലയിലേക്ക് പോയ അദേഹം ഏപ്രിൽ 30-ന് കുളു താഴ്വരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു. വിമാനം പറന്നുയർന്ന ഉടനെ തന്നെ യാന്ത്രത്തകരാറ് മൂലം നിലംപതിച്ചു. ഉടനെ തന്നെ ഫയർഫോഴ്സ് എത്തി തീ കെടുത്തിയെങ്ങിലും അദ്ദേഹം മരണപ്പെട്ടിരുന്നു. ജി വി രാജയുടെ മരണസമയത്ത് തിരുവനന്തപുരം വിമാന താവളത്തിന്റെ വികസന പ്രക്രിയകൾ നടക്കുകയായിരിന്നു. തിരുവനന്തപുരത്ത് ഒരു വിസ്കനൗട്ട് ഫ്ലൈറ്റ് ഇറങ്ങി കാണണം എന്നുള്ളത് അദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷെ വിധിവിഹിതമെന്നു എന്ന് പറയട്ടെ അവിടെ ആദ്യം ഇറങ്ങിയ വലിയ വിമാനം ജി. വി. രാജയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ളതായിരുന്നു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പൂഞ്ഞാർ കൊട്ടാരം വളപ്പിലെ കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു.
തിരുവനന്തപുരത്തെ കായികവിദ്യാലയം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ജി.വി. രാജ സ്പോർട്സ് സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കായികരംഗത്തെ സംഭാവനകൾക്ക് കേരള സ്പോർട്സ് കൗൺസിൽ ജി.വി. രാജ പുരസ്കാരം നൽകിവരുന്നു. വിനോദസഞ്ചാരമേഖലയ്ക്കുള്ള ആജീവനാന്ത സംഭാവനകൾക്ക് കേരള വിനോദസഞ്ചാരവകുപ്പ് നൽകിവരുന്ന പുരസ്കാരവും അദ്ദേഹത്തിന്റെ പേരിലാണ്. രാജയുടെ ജന്മദിനമായ ഒക്ടോബർ 13 കേരള കായികദിനമായി ആചരിക്കുന്നു.
കായികരംഗത്തെ കുലപതിയായ കേണല്‍ രാജ എന്ന വലിയ മനുഷ്യന്‍ എക്കാലവും നമ്മുടെ മനസ്സുകളില്‍ ജീവിക്കും.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.
വായനക്കൂട്ടം (കലാഗ്രാമം ബുക്ക് ക്ലബ്ബ് )
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…