കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 3, 2026

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

0
d39eb35a-ad27-4e91-8d52-f2a6ed986829

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക സ്ഥലത്ത് മാലിന്യങ്ങൾ കുന്നുകൂടുന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെയും ഈച്ചകളുടെയും ശല്യം രൂക്ഷമായതോടെ കടുത്ത ആരോഗ്യ ഭീഷണിയിലാണ് നാട്ടുകാർ.

മീൻ കടകളിൽ നിന്നുള്ള തെർമോകോൾ ബോക്സുകളും മറ്റ് മത്സ്യമാലിന്യങ്ങളും ഉൾപ്പെടെ ഇവിടെ വ്യാപകമായി തള്ളുകയാണ്. ഇത് പ്രദേശമാകെ രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനും അസഹനീയമായ ഈച്ച ശല്യത്തിനും കാരണമായിട്ടുണ്ട്. മഴക്കാലം കൂടി എത്തിയതോടെ ഈ മാലിന്യക്കൂമ്പാരം വലിയൊരു പകർച്ചവ്യാധി ദുരന്തത്തിനാകും വഴിതുറക്കുകയെന്ന് നാട്ടുകാർ ഭയപ്പെടുന്നു.

ഇതിന് പുറമെ പ്രദേശം കാടുപിടിച്ചുകിടക്കുന്നത് ഇഴജന്തുക്കളുടെ താവളമായി ഈ സ്ഥലത്തെ മാറ്റിയിട്ടുണ്ട്. സമീപകാലത്തായി ഇവിടെ പാമ്പ് ശല്യവും അതിരൂക്ഷമാണ്. വൈകുന്നേരങ്ങളിൽ ചെറിയ കുട്ടികളടക്കം കളിക്കാനും മറ്റുമായി എത്തുന്ന പ്രദേശമാണിത്. കാടുപിടിച്ചുകിടക്കുന്ന ഈ മാലിന്യക്കൂമ്പാരത്തിന് സമീപം കുട്ടികൾ കളിക്കുന്നത് രക്ഷിതാക്കളിലും വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.

പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഇത്രയേറെ ഭീഷണിയുയർത്തുന്ന സാഹചര്യമുണ്ടായിട്ടും അധികാരികൾ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. നാട്ടുകാരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആരു മറുപടി പറയുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

നാട്ടുകാരുടെ പ്രധാന ആവശ്യങ്ങൾ:

 അടിയന്തരമായി പ്രദേശം വൃത്തിയാക്കുകയും കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്യുക.

 മത്സ്യമാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക.

 പകർച്ചവ്യാധികൾ തടയുന്നതിനായി ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക.

ഒരു വലിയ ദുരന്തം സംഭവിക്കുന്നതിന് മുൻപ് തന്നെ പഞ്ചായത്ത് അധികാരികളും ആരോഗ്യവകുപ്പും ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed