കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 11, 2026

ഗുണ്ടാസംഘങ്ങൾക്ക് 50,000 രൂപ നൽകണം, മാടുകളെ കൊണ്ടുവരാനാകുന്നില്ല; 12 മുതൽ ഇറച്ചിക്കടകൾ അടയ്ക്കും

0
e2ac05f1-aae0-4fa2-8fe4-7fb079176413

കോട്ടയം ∙ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് അറവുമാടുകളുടെ വരവു കുറഞ്ഞു. ഇറച്ചിക്കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധം തുടങ്ങി. അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യാപാരികൾ കടകൾ അടച്ചിടും. ഇതോടെ ഇറച്ചിക്ഷാമം രൂക്ഷമാകും. ഇപ്പോൾത്തന്നെ പല റസ്റ്ററന്റുകളിലും ഹോട്ടലുകളിലും ഇറച്ചിയില്ല. ഇറച്ചി വ്യാപാര ക്ഷേമ സമിതിയാണ് കഴിഞ്ഞ ദിവസം മുതൽ കടകളടച്ചിട്ടത്. 15 വരെ കടകൾ അടച്ചിടാനാണ് സംഘടനയുടെ തീരുമാനം. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ 12 മുതൽ 19 വരെ കടകളടയ്ക്കും. ആന്ധ്രയിൽനിന്നും തെലങ്കാനയിൽ നിന്നും അറവുമാടുകളെ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു.

സംസ്ഥാനാന്തര അതിർത്തികൾ പിന്നിടുമ്പോൾ ഗുണ്ടാസംഘങ്ങൾക്ക് 5,000 മുതൽ 50,000 രൂപ നൽകണം. കൊടുക്കാതെ വന്നാൽ പോത്തുകളെ ഇവർ തട്ടിയെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ ആന്ധ്ര, തെലങ്കാന അതിർത്തികളിൽ ഇത്തരം സംഭവങ്ങൾ നടന്നു. വലിയ ട്രെയിലറുകളിൽ അറവുമാടുകളെ എത്തിക്കുമ്പോൾ മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ ചെലവാകുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

15 -16 മാടുകളെ കൊണ്ടുവന്നാൽ ചെലവേറും. മുപ്പതും നാല്പതും മാടുകളെ കൊണ്ടുവരേണ്ടിവരും. ഇതിനെയും ഗുണ്ടാ സംഘങ്ങൾ ചോദ്യംചെയ്തു പണം പിടുങ്ങും. കൂടുതൽ ഗുണ്ടാസംഘങ്ങൾ രംഗത്ത് എത്തിയതോടെ പല വഴികളിലൂടെ എത്തിക്കാനുള്ള സാധ്യത ഇല്ലാതായതായി വ്യാപാരികൾ പറയുന്നു. മാടുകളെ കൊണ്ടുവരാൻ സാധിക്കാതായതോടെ അവിടുള്ള മാടുകർഷകരും പ്രതിസന്ധിയിലാണ്. അടിയന്തരമായി സർക്കാരുകൾ ഇടപെടണമെന്നാണ് ആവശ്യം. ഇതര സംസ്ഥാന ജോലിക്കാരുടെ കുറവും രണ്ടാഴ്ച മുൻപ് വരെ പ്രശ്നമായിരുന്നു. 

എന്നാൽ അവർ വന്നുതുടങ്ങിയതോടെ മതിയായ ജോലി നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ചെലവു നൽകി മാടുകളെ വാങ്ങി കച്ചവടം നടത്താനാകില്ലെന്നും കടകൾ അടയ്ക്കാതെ മറ്റു മാർഗമില്ലെന്നും ഇറച്ചി വ്യാപാര ക്ഷേമസമിതിയും മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷനും വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed