ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കൽ നിൽക്കെ, ആവേശക്കടലായി മാറുകയാണ് മുണ്ടക്കയം, കൂട്ടിക്കൽ മേഖല. ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കൂറ്റൻ കട്ടൗട്ടുകളും ഫ്ലക്സുകളും ഉയർത്തി തങ്ങളുടെ ഫുട്ബോൾ പ്രേമം പരസ്യമാക്കുന്ന തിരക്കിലാണ് ഇവിടുത്തെ ആരാധകർ.
അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകൾക്കാണ് മേഖലയിൽ ആരാധകർ ഏറെയുള്ളത്. മെസിയുടെ നേതൃത്വത്തിൽ അർജന്റീന വീണ്ടും കിരീടം ചൂടുമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുമ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കന്നി ലോകകപ്പ് കിരീടത്തിനായി പ്രാർഥനയോടെയാണ് പോർച്ചുഗൽ ഫാൻസ് കാത്തിരിക്കുന്നത്.
ആരാധകരുടെ ആവേശത്തിന് അതിരുകളില്ല. അർജന്റീന-ബ്രസീൽ ഫാൻ ഫൈറ്റ് പതിവുപോലെ സജീവമാണ്. സ്പെയിനിന്റെ കൗമാരതാരം യമാൽ, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ തുടങ്ങിയ പ്രിയതാരങ്ങൾക്ക് പിന്തുണയുമായി വലിയൊരു യുവനിര തന്നെ രംഗത്തുണ്ട്. കനത്ത മഴയെപ്പോലും അവഗണിച്ചാണ് പലയിടത്തും ഫുട്ബോൾ അലങ്കാരങ്ങൾ ഒരുങ്ങുന്നത്. സമൂഹമാധ്യമങ്ങളിലും ഇഷ്ടടീമിന്റെ ജേഴ്സി അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആരാധകർ ആവേശം പങ്കുവെക്കുന്നു.
2026-ലെ ഫുട്ബോൾ ലോകകപ്പ് ജൂൺ 11-ന് ആരംഭിക്കുകയാണ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിൽ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ജൂൺ 14-ന് നടക്കുന്ന ബ്രസീൽ-മൊറോക്കോ മത്സരവും, ജൂൺ 17-ന് നടക്കുന്ന അർജന്റീന-അൾജീരിയ മത്സരവും ഉൾപ്പെടെയുള്ള ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്കായി കടുത്ത ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.