ചങ്ങനാശ്ശേരി മാമ്മൂട് പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ ഗുണ്ടകളായ മൂന്നംഗ സംഘം തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ
നിരവധി കേസുകളിൽ പ്രതിയായ മാമ്മൂട് തട്ടാരുപറമ്പിൽ വിജയ്, ശാന്തിപുരം കാലായിൽ വീട്ടിൽ അജിത് കുമാർ, മാമ്മൂട് പുന്നമൂട്ടിൽ വീട്ടിൽ ബിബിൻ ജോസഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വാഴൂർ റോഡിൽ കൊച്ച് റോഡ് ഭാഗത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് ഉടമ ദിലീപിനും ജീവനക്കാർക്കും നേരെ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണമുണ്ടായത്. ഇന്ധനം നിറയ്ക്കാൻ എത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന്റെ പെട്രോൾ ടാങ്കിന് അടപ്പില്ല എന്ന് ഉടമ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് ഒരു പ്രകോപനവുമില്ലാതെ ബിപിൻ വാഹനത്തിൽ നിന്നിറങ്ങി ദിലീപിന്റെ തലയുടെ പുറകിൽ കല്ലു കൊണ്ട് ഇടിച്ചു.മർദ്ദനം തുടർന്നത്തോടെ ദിലീപ് ഓഫീസിലേക്ക് ഓടിക്കയറി. ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്ന വിജയും അജിത്തും ബിബിനും സ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ തകർത്ത് ഓഫീസിനുള്ളിൽ കയറി ദിലീപിനെ വീണ്ടും മർദിച്ചു. തടസം പിടിക്കാനെത്തിയ ദിലീപിന്റെ ഭാര്യാ പിതാവിനെയും സംഘം മർദ്ദിച്ചു.ഏറെ നേരം സ്ഥലത്ത് അഴിഞ്ഞാടിയ സംഘം പിന്നീട് കറുകച്ചാൽ ഭാഗത്തേയ്ക്ക് പോയി. ദിലീപ് വിവരം തൃക്കൊടിത്താനം പോലീസിൽ അറിയിച്ചതിനെ തുടർന്ന് എസ് എച്ച് ഓ എം ജെ അരുണിന്റെ നേത്യത്യത്തിൽ സബ്ബ് ഇൻസ്പെക്ടർ ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ബിപിൻരാജ്, ഷമീർ എന്നിരടങ്ങുന്ന സംഘം പ്രതികളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.