കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ഇടതിന്റെ വിജയശിൽപികളെന്ന
അവകാശവാദത്തിന് മങ്ങലേറ്റ് കേരള കോൺഗ്രസ് (എം)

0
7271e3b7-0cd4-43a8-aabc-765cf0b32a07

തളിർത്തു തഴച്ചുനിന്ന രണ്ടില തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്തും ഇടുക്കിയിലും വാടി. കേരള കോൺഗ്രസു(എം)മായുള്ള ബന്ധം കൊണ്ട് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതു പോലെ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന എൽഡിഎഫ് പ്രതീക്ഷ പൊലിഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിലും കേരള കോൺഗ്രസിന്(എം) കാലിടറി. കഴിഞ്ഞ തവണ അഞ്ചിടത്ത് വിജയിച്ചിരുന്നു. ഇത്തവണ നാലായി. അതേസമയം കേരള കോൺഗ്രസുകൾ പരസ്പരം ഏറ്റുമുട്ടിയ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ അഞ്ചിടങ്ങളിൽ മൂന്നിടത്ത് വിജയം നേടിയത് കേരള കോൺഗ്രസി(എം)ന് ആശ്വാസമായി. കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, കിടങ്ങൂർ എന്നിവിടങ്ങളിലായിരുന്നു നേർക്കുനേർ പോരാട്ടം. ഭരണങ്ങാനം, അതിരമ്പുഴ, കിടങ്ങൂർ എന്നിവിടങ്ങളിൽ ജയിച്ചു. 

കിടങ്ങൂരും അതിരമ്പുഴയും പാർട്ടി തിരിച്ചുപിടിച്ചെന്ന് അഭിമാനിക്കുമ്പോഴും കടുത്തുരുത്തിയും കുറവിലങ്ങാടും നഷ്ടമായത് ക്ഷീണമായെങ്കിലും ഉഴവൂരിലെ ജയം നേട്ടമായി. കേരള കോൺഗ്രസിന്റെ (എം) കഴിഞ്ഞതവണത്തെ മിന്നുന്ന പ്രകടനം കണ്ട് ഇത്തവണ സിപിഎം സീറ്റുവിഭജനത്തിൽ ഉദാരസമീപനമാണ് കാട്ടിയത്. സിപിഐയുടെ എതിർപ്പ് അവഗണിച്ച് കൂടുതൽ സീറ്റുകൾ കേരള കോൺഗ്രസിന്(എം)ന് നൽകി. 467 സീറ്റുകളാണ് നൽകിയത്. കഴിഞ്ഞ തവണത്തെക്കാൾ 48 സീറ്റ് കൂടുതൽ. പാർട്ടിയുടെ അഭിമാനകേന്ദ്രമായ പാലാ നഗരസഭയിൽ ഇത്തവണ 10 സീറ്റുകൾ നിലനിർത്തിയെങ്കിലും എതിരാളിയായ ബിനു പുളിക്കക്കണ്ടത്തിന്റെയും കുടുംബത്തിന്റെയും വിജയം പാർട്ടിയെ പരുങ്ങലിലാക്കി. 

എന്നാൽ അണികളെ ശക്തമായി ഒപ്പം നിർത്താൻ സാധിച്ചിട്ടുണ്ടെന്നാണ് കേരള നേതൃത്വത്തിന്റെ വാദം. തീക്കോയി, കുറവിലങ്ങാട് എന്നിവിടങ്ങളിൽ ഉൾപ്പെടെ ഭരണം പിടിക്കാനായെന്നും ചൂണ്ടിക്കാട്ടുന്നു. പാലാ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലും കിഴക്കൻ മേഖലകളിലും നില മെച്ചപ്പെടുത്തിയെന്നും അവർ വ്യക്തമാക്കുന്നു. പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ്  നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ കോട്ടയം ജില്ലാ പഞ്ചായത്തിൽ രണ്ടിടത്താണു ജയിച്ചതെങ്കിൽ ഇക്കുറി നാലിടത്ത് വിജയിച്ചു. തൃക്കൊടിത്താനം, കങ്ങഴ,
കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ജയം. കോട്ടയം നഗരസഭയിൽ ഒരു
സീറ്റ് തിരികെ കോൺഗ്രസിന് നൽകി മുന്നണി ബന്ധത്തിന്റെ ഊഷ്മളത നിലനിർത്തി. കൂടുതൽ പഞ്ചായത്ത് വാർഡുകളിലും ജയിച്ച് യുഡിഎഫിന് കരുത്തേകാൻ കഴിഞ്ഞതായി പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

2 വർഷത്തിനിടെ 2 തിരഞ്ഞെടുപ്പുകളിൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നത് ഇടുക്കി ജില്ലയിൽ കേരള കോൺഗ്രസി(എം)നെ പ്രതിസന്ധിയിലാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കി മണ്ഡലത്തിൽ ഉൾപ്പെടെ വലിയ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. കേരള കോൺഗ്രസി(എം) ന്റെ വോട്ട് യുഡിഎഫിന് ലഭിച്ചെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം. കോട്ടയത്തെ അപേക്ഷിച്ച് ചോദിച്ച അധിക സീറ്റുകൾ ലഭിക്കാത്ത സാഹചര്യമായിരുന്നു ഇടുക്കിയിൽ കേരള കോൺഗ്രസി(എം)ന്. എന്നാൽ ജില്ലാ പഞ്ചായത്തിൽ നാലിടങ്ങളിൽ മത്സരിച്ചു. നാലിലും പരാജയപ്പെട്ടു. 

ശക്തികേന്ദ്രമായ കട്ടപ്പന നഗരസഭയിൽ 12 സീറ്റുകളിൽ മത്സരിച്ചെങ്കിലും ജയിക്കാനായത് 4 ഇടത്ത് മാത്രമാണ്. 6 മാസത്തിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി ഗൗരവമായാണ് ഈ കണക്കുകൾ കാണുന്നത്. ജില്ലാ പഞ്ചായത്തിൽ 2 ഡിവിഷനുകളിൽ കേരള കോൺഗ്രസുകൾ ഏറ്റുമുട്ടിയപ്പോൾ ജോസഫ് പക്ഷത്തിനായിരുന്നു ജയം. കുടിയേറ്റ കർഷകർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ വിയോജിപ്പുണ്ടായിരുന്നു. സിപിഐ ജില്ലാ സമ്മേളനത്തിൽ ഉൾപ്പെടെ കേരള കോൺഗ്രസിന്റെ സ്ഥാനം നേതാക്കൾ ചോദ്യം ചെയ്തതും പാർട്ടിയിൽ ചർച്ചയായി. എന്നാൽ തങ്ങൾക്ക് ലഭിച്ച സീറ്റുകളിൽ മികച്ച പ്രകടനം നടത്തിയെന്നാണ് കേരള കോൺഗ്രസ് (എം) കരുതുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച 5 ഡിവിഷനുകളിൽ നാലിലും വിജയിച്ചത് ജോസഫ് വിഭാഗം നേട്ടമായി കരുതുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ഉൾപ്പെടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. തൊടുപുഴ നഗരസഭയിൽ 2 സീറ്റിൽ ഒതുങ്ങിയെങ്കിലും കേരള കോൺഗ്രസിന്റെ കൂടി ബലത്തിലാണ് യുഡിഎഫ് വലിയ വിജയം നേടിയതെന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed