കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ; യുവാവ് തൂങ്ങിമരിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മോർക്കോലിൽ വീട്ടമ്മയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയുടെ മൃതദേഹം കഴുത്തറക്കപ്പെട്ട നിലയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
കഴിഞ്ഞ കുറച്ചു സമയമായി ഷേർലിയെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷിച്ചെത്തിയപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം പുറംലോകമറിയുന്നത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. ഇതേ മുറിയിൽ തന്നെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
“ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരും എത്തിയ ശേഷം മാത്രമേ വീട് തുറന്ന് വിശദമായ പരിശോധനകൾ നടത്തുകയുള്ളൂ. കൊലപാതകത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.” – പോലീസ് അധികൃതർ
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്. യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു. മരണകാരണവും ഇവർ തമ്മിലുള്ള ബന്ധവും സംബന്ധിച്ച ദുരൂഹതകൾ നീക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.