വിദ്യാർഥിനികളെ കയറ്റാതെ സ്വകാര്യ ബസുകളുടെ ‘പാച്ചിൽ’; കാഞ്ഞിരപ്പള്ളി – മുണ്ടക്കയം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – മുണ്ടക്കയം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജ്യൂക്കേഷൻ (INE) വിദ്യാർഥിനികളോട് കാട്ടുന്ന അവഗണനയ്ക്കും നിയമലംഘനത്തിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. ബസുകൾ വിദ്യാർഥികളെ കയറ്റാതെ വിവേചനം കാണിക്കുന്നതായി കാണിച്ച് കോളേജ് പി.ടി.എ അധികൃതർക്ക് പരാതി നൽകി.
ബസ് നിർത്താതെ പോകുന്നു: വൈകുന്നേരം 4 മണിക്ക് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നിന്നും രാവിലെ 8 മണിക്ക് ശേഷം പൊടിമറ്റം കോളേജുപടി, പൊടിമറ്റം സ്റ്റോപ്പുകളിൽ നിന്നും വിദ്യാർഥികളെ കയറ്റാൻ ബസുകൾ തയ്യാറാകുന്നില്ല. ബസ് നിർത്താനായി കൈകാണിച്ചാലും ദൂരെ മാറി നിർത്തുക, ഡോർ തുറക്കാതിരിക്കുക, കുട്ടികൾ കയറാൻ തുടങ്ങുമ്പോൾ തന്നെ ബെല്ലടിച്ച് വണ്ടി മുന്നോട്ടെടുക്കുക തുടങ്ങിയ രീതികൾ സ്ഥിരമാണ്.ബസിൽ കയറുന്ന കുട്ടികളോട് മേലിൽ കയറരുതെന്ന് ആക്രോശിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നതായും പരാതിയുണ്ട്.കൺസെഷൻ നിരക്കിന് പകരം ഫുൾ ടിക്കറ്റ് ചാർജ് നൽകാൻ വിദ്യാർഥികളെ നിർബന്ധിക്കുന്നു.
ബസുകളുടെ ഈ നിഷേധാത്മക നിലപാട് കാരണം കുട്ടികൾ ഒരു മണിക്കൂറോളം വൈകിയാണ് കോളേജിലും തിരികെ ഹോസ്റ്റലിലും എത്തുന്നത്. ഇത് അവരുടെ പഠനത്തെയും വിശ്രമത്തെയും കാര്യമായി ബാധിക്കുന്നുണ്ടെന്ന് രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.
കർശന നടപടി വേണമെന്ന് പി.ടി.എ
മോട്ടോർ വാഹന പെർമിറ്റ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ റൂട്ടിൽ നടക്കുന്നത്. അതിനാൽ കുറ്റക്കാരായ ബസ് ജീവനക്കാർക്കെതിരെയും ഉടമകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് പി.ടി.എ ആവശ്യപ്പെട്ടു.
“കാഞ്ഞിരപ്പള്ളി പേട്ടക്കവല, പൊടിമറ്റം സ്റ്റോപ്പുകളിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അടിയന്തര പരിശോധനയും നിരീക്ഷണവും ഉണ്ടാകണം.”വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഡിപ്പാർട്ടുമെൻ്റുകൾക്ക് പി.ടി.എ രേഖാമൂലം പരാതി സമർപ്പിച്ചു.