കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ദേശീയ പണിമുടക്ക് നാളെ: കേരളം സ്തംഭിക്കും; അറിയേണ്ടതെല്ലാം

0
642d823e-b7ed-47c0-975b-aecc4ae721b2

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് നാളെ (ഫെബ്രുവരി 12, വ്യാഴം). ഇന്ന് അർധരാത്രി 12 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് നാളെ അർധരാത്രി വരെ നീണ്ടുനിൽക്കും.

സി.ഐ.ടി.യു (CITU), ഐ.എൻ.ടി.യു.സി (INTUC), എ.ഐ.ടി.യു.സി (AITUC) തുടങ്ങി പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ആഹ്വാനം ചെയ്ത സമരത്തിൽ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്നാണ് സൂചന. ബി.എം.എസ് (BMS) പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

പ്രധാന ആവശ്യങ്ങൾ

• തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക.

• തൊഴിലുറപ്പ് പദ്ധതി (MGNREGA) പഴയപടി പുനഃസ്ഥാപിക്കുക.

• വൈദ്യുതി – വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക.

• പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഇൻഷുറൻസ് മേഖലയിലെ 100% എഫ്.ഡി.ഐയും അവസാനിപ്പിക്കുക.

• പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക.

എന്തൊക്കെ തടസ്സപ്പെടും?

• ഗതാഗതം: കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവ നിരത്തിലിറങ്ങില്ല. മോട്ടോർ വാഹന തൊഴിലാളികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

• ബാങ്കിങ്: ബാങ്ക് യൂണിയനുകൾ (AIBEA, AIBOA, BEFI) സമരത്തിൽ പങ്കെടുക്കുന്നതിനാൽ ബാങ്കിങ് സേവനങ്ങൾ ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെട്ടേക്കാം.

• വിദ്യാഭ്യാസം: അധ്യാപക-വിദ്യാർത്ഥി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചതോടെ സ്കൂളുകളും കോളേജുകളും നാളെ പ്രവർത്തിക്കാൻ സാധ്യതയില്ല.

• വ്യാപാരം: കടകമ്പോളങ്ങളും ഷോപ്പിംഗ് മാളുകളും അടഞ്ഞുകിടക്കുമെന്ന് സമരസമിതി അറിയിച്ചു.

ഒഴിവാക്കിയവ (ഇളവുകൾ)

പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ചില മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്:

• പാല്, പത്രം, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ.

• ആംബുലൻസ്, ഫയർ ഫോഴ്സ് തുടങ്ങിയ അത്യാവശ്യ സർവീസുകൾ.

• ശബരിമല തീർത്ഥാടകരെയും മാരാമൺ കൺവെൻഷനെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ സമിതി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ അഞ്ഞൂറോളം കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കും. ലേബർ കോഡുകൾ പിൻവലിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് യൂണിയൻ നേതാക്കളുടെ നിലപാട്. അനാവശ്യ യാത്രകൾ ഒഴിവാക്കി പൊതുജനങ്ങൾ പണിമുടക്കുമായി സഹകരിക്കണമെന്ന് സമരസമിതി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed