കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

0
54ecf5e3-aa6a-4a11-945b-9b88ab6151c2

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. പൊൻകുന്നം ക്ലബ് ഹാളിൽ നടന്ന സെമിനാറിൽ “AIBEAയും ജനകീയ ബാങ്കിംഗും” എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചകൾ നടന്നു.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി. എൻ. ഗിരീഷ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് സേവനങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിലും തൊഴിലാളി സംഘടനകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

AKBEF ജില്ലാ ചെയർമാൻ സ. ജോർജി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ എൺപത് വർഷത്തെ സമരപാരമ്പര്യത്തെക്കുറിച്ചും ബാങ്ക് ദേശസാൽക്കരണത്തിലും പൊതുമേഖലാ സംരക്ഷണത്തിലും AIBEA വഹിച്ച നിർണായക പങ്കിനെക്കുറിച്ചും AKBEF അസിസ്റ്റന്റ് സെക്രട്ടറി സ. പി. എസ്. ഹരികൃഷ്ണൻ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു.

AKBEF ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ. സന്തോഷ് സെബാസ്റ്റ്യൻ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി സ. ഹരി ശങ്കർ എസ് സ്വാഗതവും പൊൻകുന്നം ടൗൺ കമ്മിറ്റി ചെയർമാൻ സ. രജീഷ് ആർ നന്ദിയും രേഖപ്പെടുത്തി.

80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ സെമിനാറുകളും ജനസദസ്സുകളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed