വന്യജീവി സംഘർഷം തടയാൻ എരുമേലിയിൽ ഇനി ‘ഡിജിറ്റൽ സുരക്ഷാ വലയം’; അത്യാധുനിക സംവിധാനങ്ങളുമായി വനംവകുപ്പ്
വന്യജീവി സംഘർഷം കുറയ്ക്കാൻ എരുമേലി വന മേഖലയിൽ മോഷൻ സെൻസർ ക്യാമറ ട്രാപ്പുകൾ, ഓഫ്-റോഡ് മോട്ടോർസൈക്കിളുകൾ, ഹൈ റെസല്യൂഷൻ ഡിജിറ്റൽ ഒപ്റ്റിക്കൽ ഉപകരണങ്ങൾ ഉൾപ്പടെ ഇനി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായം. ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ മുൻകൂട്ടി തടയാൻ സഹായിക്കുന്ന തത്സമയ വിവരങ്ങൾ ലഭ്യമാക്കാനുമാണ് പദ്ധതി. അടിയന്തര സാഹചര്യങ്ങളിൽ വനംവകുപ്പിന്റെ പ്രതികരണ സമയം കുറയ്ക്കാൻ വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ ദിവസം ടൈസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ഡി. കെ. വിനോദ് കുമാർ ഐഎഫ്.എസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനായി (ആർആർടി) നാല് ഓഫ്-റോഡ് മോട്ടോർസൈക്കിളുകൾ ഇതിന്റെ ഭാഗമായി കൈമാറി. ദുർഘടമായ വനപാതകളിലൂടെ വേഗത്തിൽ സഞ്ചരിച്ച് പാമ്പുകളെ രക്ഷിക്കാനും ജനവാസ മേഖലയിലിറങ്ങുന്ന ആനകളെ തുരത്താനും ഇത് സഹായിക്കും. ആനകളുടെയും മറ്റും സാന്നിധ്യം മുൻകൂട്ടി അറിയിക്കുവാൻ കഴിയും വിധം പന്ത്രണ്ട് മോഷൻ സെൻസർ ക്യാമറ ട്രാപ്പുകൾ ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. വനമേഖലയിൽ ഇത് വഴി ഡിജിറ്റൽ സുരക്ഷാ വലയം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആനകളുടെ സഞ്ചാരപഥം കൃത്യമായി മനസ്സിലാക്കാനും ജനവാസ മേഖലകളിൽ ആനകൾ എത്തുന്നതിന് മുൻപ് തന്നെ തത്സമയ മുന്നറിയിപ്പ് നൽകാനും ഇതിലൂടെ സാധിക്കും. ഹൈ റെസല്യൂഷൻ ഡിജിറ്റൽ ഒപ്റ്റിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഓരോ ആനയെയും പ്രത്യേകം തിരിച്ചറിയാൻ സാധിക്കും. ഇത് സംഘർഷമുണ്ടാക്കുന്ന ആനകളെ നിരീക്ഷിക്കാനും അവയുടെ സ്വഭാവം പഠിച്ച് ദീർഘകാല സുരക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്യാനും വനംവകുപ്പിനെ സഹായിക്കും. സംസ്‌ഥാന വനം വകുപ്പും, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസും, എപി യൂസ് കമ്പനിയും സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ സാങ്കേതിക പദ്ധതിയിലൂടെ എരുമേലി ഫോറസ്റ്റ് റേഞ്ചിലെ ജനങ്ങൾക്കും വന്യജീവികൾക്കും ഇനി കൂടുതൽ സുരക്ഷിതത്വം സാധ്യമാകുമെന്ന് സിസിഎഫ് ഡി. കെ. വിനോദ് കുമാർ പറഞ്ഞു. വന നിരീക്ഷണത്തിലും സുരക്ഷാ പ്രവർത്തനങ്ങളിലും നേരിടുന്ന വെല്ലുവിളികൾക്ക് ശാസ്ത്രീയ പരിഹാരം കൂടിയാണ് പുതിയ പദ്ധതി. ഉദ്ഘാടന ചടങ്ങിൽ കോട്ടയം ഡിഎഫ്ഒ പ്രഫുൽ അഗർവാൾ ഐഎഫ്.എസ്, ഉപകരണങ്ങൾ ഏറ്റുവാങ്ങി. ടൈസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ, സംരക്ഷണ പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും പദ്ധതി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ടൈസ് പ്രസിഡന്റ് ഡോ. എബ്രഹാം സാമുവൽ, വൈസ് പ്രസിഡന്റ് ഡോ. നെൽസൺ പി. എബ്രഹാം, നഗരംപാറ ആർഎഫ്ഒ ഹരിലാൽ, എരുമേലി ആർഎഫ്ഒ ബി ദിലീഫ്, എപി യൂസ് കമ്പനിയുടെ പ്രതിനിധികളായ സി എസ് ലക്ഷ്മി, അനൂപ് എന്നിവർ പ്രസംഗിച്ചു