മൂന്ന് ദിവസം കഴിഞ്ഞിട്ടും പോളിംഗ് കണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷൻ,കത്ത് നൽകി വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് പൂർത്തിയായി മൂന്ന് ദിവസം പിന്നിട്ടിട്ടും വോട്ട് രേഖപ്പെടുത്തിയവരുടെ അന്തിമ കണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷൻ. രണ്ട് ദിവസത്തിനകം കമ്മീഷൻ കണക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
നിയമസഭ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ട് സുതാര്യത ഉറപ്പാക്കാനുള്ള ബാധ്യത ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഉറപ്പാക്കുന്ന നടപടി തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുമെന്ന് കരുതാമെന്ന് വി.ഡി. സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
ജില്ലാ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ കാലതാമസമാണ് അന്തിമ കണക്കുകൾ പുറത്തുവിടുന്നത് വൈകാൻ കാരണമായി കമീഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പോസ്റ്റൽ, സർവിസ് വോട്ടുകൾ ഉൾപ്പെടെ ചേരുന്നതോടെയാണ് അന്തിമ പോളിങ് കണക്കുകൾ തയാറാക്കാൻ സാധിക്കുന്നത്. പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇരുപതിനായിരത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതിയും നിലനിൽക്കുകയാണ്. വോട്ട് രേഖപ്പെടുത്താനുള്ള അവസരം നിഷേധിച്ചതിനെതിരെ ജീവനക്കാരുടെ സംഘടനകൾ കോടതിയിലേക്ക് നീങ്ങിയിട്ടുണ്ട്.
ആകെ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ ഇനിയും വ്യക്തത വരാത്തത് രാഷ്ട്രീയ പാർട്ടികളുടെ കണക്ക് കൂട്ടലിനെയും ബാധിച്ചിട്ടുണ്ട്. അവസാനം പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്തെ പോളിങ് ശതമാനം 78.27 ആണ്. സർവിസ്, പോസ്റ്റൽ വോട്ടുകൾ കൂടി ചേരുന്നതോടെ ഇത് 80 ശതമാനത്തിന് മുകളിലെത്തുമെന്നാണ് പ്രതീക്ഷ.