കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 4, 2026

‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് സതീശൻ; ഇനി വാഹന മോഡിഫിക്കേഷൻ നടക്കുമോ? നിയമവും സാധ്യതയും…

0
img_4664

പുതുതലമുറയെ ഏറെ ആകർഷിച്ച പ്രഖ്യാപനമായിരുന്നു വാഹനങ്ങളുടെ മോഡിഫിക്കേഷന് അനുമതി നൽകും എന്നത്. വി.ഡി. സതീശന്റെ പ്രഖ്യാപനവും യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം കൂടിയായപ്പോൾ അത് ഏറെ ശ്രദ്ധനേടി. ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് അടിക്കുറിപ്പോടെ വി.ഡി. സതീശൻ മോഡിഫിക്കേഷനെ കുറിച്ച് സംസാരിക്കുന്ന വിഡിയോയും നേരത്തേ പോസ്റ്റ് ചെയ്തിരുന്നു. വാഹനങ്ങളിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷൻ നടത്തുന്നത് തെറ്റല്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇതിന് അനുമതി നൽകുമെന്നുമായിരുന്നു വി.ഡി പറഞ്ഞത്.

നിയമക്കുരുക്കുകള്‍ ഒഴിവാക്കി ഇത് എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് ഗതാഗത വകുപ്പ്. അപകടകരമായ രൂപമാറ്റമേത് അല്ലാത്തതേത് എന്നു പട്ടിക തയാറാക്കുകയാണെന്ന് ഗതാഗത കമ്മിഷണര്‍ സി.നാഗരാജു പറഞ്ഞു. അനുവദിക്കാവുന്ന രൂപമാറ്റങ്ങള്‍ ഏതൊക്കെയെന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. കേന്ദ്രനിയമം അനുസരിച്ചാണ് വാഹനങ്ങളുടെ റജിസ്‌ട്രേഷനടക്കം എല്ലാക്കാര്യങ്ങളും. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകനിയമം നിര്‍മിക്കാനാവില്ല. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 വും 2019ലെ സുപ്രീംകോടതി ഉത്തരവുമനുസരിച്ച് വാഹനം നിര്‍മിച്ച ശേഷം വരുത്തുന്ന മാറ്റങ്ങളെല്ലാം നിയമവിരുദ്ധമാണ്. നിയമക്കുരുക്കള്‍ ഒഴിവാക്കി ഇതു നടപ്പാക്കാനുള്ള വഴികളാണ് വകുപ്പ് നോക്കുന്നത്. അപകടകരമല്ലായെന്ന് കണ്ടെത്തിയ രൂപമാറ്റങ്ങള്‍ അനുവദിച്ചും, അവയ്ക്ക് പിഴയീടാക്കാണ്ടെന്ന് വ്യക്തമാക്കിയും വകുപ്പുതല ഉത്തരവിറക്കാം. കേന്ദ്ര നിയമത്തിലുള്ള ലംഘനകള്‍ക്ക് പിഴ എങ്ങിനെ ഈടാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. അങ്ങിനെ പലതും ഇപ്പോള്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് വകുപ്പിനു മുന്നിലുള്ളത്. നിയമപ്രകാരം എന്തൊക്കെ മോഡിഫിക്കേഷൻ ചെയ്യാൻ പറ്റും? വിശദമായി വായിക്കാം.

വാഹനനിർമാതാക്കൾ നൽകിയിട്ടുള്ളതിൽനിന്ന് എന്തു അധികം വച്ചാലും അത് മോഡിഫിക്കേഷൻ ആണ്. വാഹനനിർമാതാക്കൾ നൽകിയിട്ടുള്ള സ്പെസിഫിക്കേഷനിൽനിന്ന് മാറ്റം വരുത്താൻ നിയമപരമായി അനുവാദമില്ല. വാഹനത്തിന്റെ പുറം കാഴ്ചയിൽ മാറ്റം വരാൻ പാടില്ല. അതിന്റെ സ്ട്രക്ചറിൽ മാറ്റം വരുത്താനും അവകാശമില്ല. വാഹനത്തിലെ ഓരോ പാർട്ടും ടെസ്റ്റ് ചെയ്തു ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നിർമാതാക്കൾ ഒരു വാഹനം നിരത്തിലിറക്കുന്നത്. ശരിയായ രീതിയിലല്ലാതെ ടയർ അപ്സൈസ് ചെയ്യുന്നതും സൈലൻസർ മാറ്റുന്നതും കുറ്റകരമായ മോഡിഫിക്കേഷൻ ആണ്. അതുപോലെ ഇരുചക്രവാഹനങ്ങളിൽ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കുന്നതിനായി മൂന്നു വീൽ ഘടിപ്പിക്കുന്നതും മോഡിഫിക്കേഷൻ ആണ്. പക്ഷേ, നിയമപരമായി അനുമതി തേടിയിരിക്കണം എന്ന് മാത്രം. എല്ലാ മോഡിഫിക്കേഷനും നിയമവിധേയമല്ല. എന്നാൽ നിയമപരമായി ചെയ്യാൻ കഴിയുന്ന മോഡിഫിക്കേഷനും ഉണ്ട്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ടോപ് മോഡലിന്റെ ടയർ സൈസിലേക്ക് ബേസ് വേരിയന്റിന്റെ ടയർ അപ്സൈസ് ചെയ്യുന്നതിൽ കുഴപ്പമില്ല. കാരണം ഉയർന്ന മോഡലിന്റെ ടയർ സൈസ് പ്രകാരം ടെസ്റ്റിങ് ഏജൻസിയുടെ അംഗീകാരം ആ വാഹനത്തിന് ലഭിച്ചതാണ്. പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ റോഡിൽ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വീതികൂടിയ ടയറുകൾ ഉപയോഗിക്കുമ്പോൾ, പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലുള്ള മഡ്-ഫ്ലാപ്പുകൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. റേസ്, മഡ് ട്രാക്കുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിലെ വീലുകൾ റോഡിൽ ഓടിക്കുമ്പോൾ അതഴിച്ചുമാറ്റി സാധാരണ വീൽ ആക്കണം. അലോയ് വീൽ പ്രശ്നമാകുമോ? ഒരു മോഡലിന്റെ ടോപ് വേരിയന്റിൽ ഉപയോഗിക്കുന്ന അലോയ് 16 ഇഞ്ചിന്റേതും ബേസ് വേരിയന്റിൽ 14 ഇഞ്ച് ഡിസ്ക്കുമാണെങ്കിൽ ബേസ് മോഡലിൽ 16 ഇഞ്ച് അലോയ് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ല. എന്നാൽ പുറത്തേക്ക് തള്ളിനിൽക്കുന്ന വിധത്തിൽ ആകരുത്. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന അലോയ്‌യുടെ ഗുണനിലവാരം കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുറത്തുനിന്നു വാങ്ങുമ്പോൾ ക്വാളിറ്റി ഉറപ്പുവരുത്താൻ കഴിയില്ല. ഇത്തരത്തിൽ മാറ്റിവയ്ക്കപ്പെട്ട അലോയ് വീൽ കല്ലിൽ ഇടിച്ചു പൊട്ടി ടയർ പൊട്ടി അപകടമുണ്ടാകുന്നതെങ്കിൽ ഇൻഷുറൻസ് ക്ലെയിം പോലും നിരസിക്കപ്പെട്ടേക്കാം. അത് വാഹന ഉടമയുടെ ബാധ്യതയുമായേക്കാം.

ഫ്രണ്ട് വിൻഡ് ഗ്ലാസുകളിൽ മുൻകാഴ്ച തടസ്സപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഒട്ടിക്കാൻ പാടില്ല. ഗ്ലാസിൽ സ്റ്റിക്കർ പതിപ്പിക്കുമ്പോൾ കാറിനുള്ളിൽ ഇരിക്കുന്നവരുടെ കാഴ്ചയെ മറയ്ക്കരുത് എന്നുമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.

വിൻഡോ ഗ്ലാസിന്റെ സുതാര്യതയെ തടസ്സപ്പെടുത്തരുത് എന്നാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിക്കുന്ന, നിശ്ചിത അളവിൽ സുതാര്യതയുള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുൻ-പിൻ ഗ്ലാസുകളിലും വശങ്ങളിലും ഒട്ടിക്കാമെന്ന് വ്യക്തമാക്കുന്ന ഭേദഗതി കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ 2021 ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. മുൻ-പിൻ ഗ്ലാസുകളിൽ 70%, സൈഡ് ഗ്ലാസുകളിൽ 50% എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നുപോകണമെന്ന കേന്ദ്ര മോട്ടോർ വാഹന നിയമ വ്യവസ്ഥ (ചട്ടം 100) പ്രകാരമായിരുന്നു ഉത്തരവ്. വാഹനനിർമാതാവ് ഈ മാനദണ്ഡപ്രകാരമാകണം ഗ്ലാസുകൾ (സേഫ്റ്റി ഗ്ലാസ്) നിർമ്മിക്കേണ്ടത്. മോട്ടർ വാഹന നിയമത്തിലെ ചട്ടം 100-ൽ ഗ്ലെയ്സിങ് മെറ്റീരിയൽ ഒട്ടിച്ചാലും മുൻ-പിൻ ഗ്ലാസുകളിലൂടെ കുറഞ്ഞത് 70 ശതമാനവും വശങ്ങളിലെ ഗ്ലാസിലൂടെ കുറഞ്ഞത് 50 ശതമാനവും പ്രകാശം കടന്നുപോകണമെന്നാണ് മാനദണ്ഡം. ഈ മാനദണ്ഡം പാലിക്കുന്ന ‘ഗ്ലെയ്സിങ് പ്ലാസ്റ്റിക്സ്’ ഒട്ടിക്കുന്നത് നിയമവിരുദ്ധമല്ല.

2019 ഏപ്രിൽ 1 മുതൽ റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങളിലും നിയമപ്രകാരം അതിസുരക്ഷാ നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. വാഹനത്തിന്റെ ഡീലർമാർ തന്നെ ഇത് വാഹനത്തിൽ ഫിറ്റ് ചെയ്തു നൽകണം. ഒരിക്കൽ ഫിറ്റ് ചെയ്തു കഴിഞ്ഞാൽ തിരിച്ചെടുക്കാൻ പറ്റില്ല. അതിസുരക്ഷാ നമ്പർ പ്ലേറ്റ് വാഹനത്തിന്റെ മുൻപിലും പിൻപിലും ഘടിപ്പിച്ചിട്ടുണ്ടെന്ന് വാഹൻ സൈറ്റിൽ രേഖപ്പെടുത്തിയാൽ മാത്രമേ ആർസി പ്രിന്റ് എടുക്കാൻ സാധിക്കൂ. എന്തെങ്കിലും കാരണവശാൽ നമ്പർപ്ലേറ്റിനു തകരാർ സംഭവിച്ചാൽ മോട്ടോർ വാഹനവകുപ്പിന് രേഖാമൂലം അപേക്ഷ നൽകിയാൽ മാത്രമേ പുതിയ നമ്പർ പ്ലേറ്റ് അനുവദിക്കൂ. അതിസുരക്ഷാ നമ്പർ പ്ലേറ്റ് മനഃപൂർവം കേടുവരുത്താൻ ശ്രമിച്ചാൽ വാഹനത്തിന്റെ റജിസ്ട്രേഷൻ വരെ റദ്ദാകാം. ഹൈസെക്യൂരിറ്റി നമ്പർപ്ലേറ്റ് അല്ലാത്ത നമ്പർ പ്ലേറ്റ് ഉള്ള വാഹനങ്ങളിൽ, റജിസ്ട്രേഷൻ നമ്പർ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിയിരിക്കണം. നമ്പർ പ്ലേറ്റിൽ വിവിധ നിറങ്ങളിലുള്ള അക്ഷരങ്ങൾ, പേര് തുടങ്ങിയവയൊന്നും രേഖപ്പെടുത്താൻ പാടില്ല. നമ്പറുകൾ പേരാണെന്ന് തോന്നിപ്പിക്കുന്ന വിധം പ്രദർശിപ്പിക്കുന്നതും കുറ്റകരമാണ്. ഇക്കാര്യങ്ങൾ കർശനമായി നടപ്പിലാക്കാൻ കേരള ഹൈക്കോടതിയുടെ WP(c) 23021 of 2018(c)-28/10/2019 ഉത്തരവിലും നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed