കേരള പോലീസ് അഞ്ചാം ബറ്റാലിയന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
കുട്ടിക്കാനം: കേരള പോലീസ് അഞ്ചാം ബറ്റാലിയന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കുട്ടിക്കാനം ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിൽ ചൊവ്വാഴ്ചയായിരുന്നു പരിപാടി.
പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരിക ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരായ ഡോ. കിംഗ്സ്‌ലി, ഡോ. സജിൻ അലക്സാണ്ടർ, ഡോ. സൂര്യ കിംഗ്സ്‌ലി, ഡോ. ക്രിസ്റ്റി എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഉദ്യോഗസ്ഥർക്കായി പ്രത്യേക ആരോഗ്യ പരിശോധനകളും നടത്തി. ആശുപത്രിയിലെ മറ്റ് ആരോഗ്യ പ്രവർത്തകരും ക്യാമ്പിന്റെ ഭാഗമായി.
ക്യാമ്പിനും അനുബന്ധ പരിപാടികൾക്കും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ പി.ആർ.ഒ ബിബിൻ സെബാസ്റ്റ്യൻ കൈതക്കൽ നേതൃത്വം നൽകി. നിരവധി പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.