വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമയ്ക്കെതിരെ പരാതി പ്രവാഹം; പണം നഷ്ടമായവർ ചേർന്ന് രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ ഇതിനകം തന്നെ നൂറുകണക്കിന് ആളുകളാണ് അംഗങ്ങളായിട്ടുള്ളത്, ഓർക്കിഡ് കൺസൾട്ടൻസി കൂടാതെ ‘പാലക്കുന്നേൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ അനീഷ് ഉമ്മറും ഇയാളുടെ മാനേജറും ചേർന്ന് കമ്പനി റജിസ്റ്റർ ചെയ്താണ് പണം വാങ്ങിയിരുന്നത്.
കൂട്ടിക്കൽ: വിസ തട്ടിപ്പ് കേസിൽ ട്രാവൽ ഏജൻസി അടച്ചുപൂട്ടിയതോടെ ഇരകളായ പരാതിക്കാരുടെ എണ്ണം വർധിക്കുന്നു. വിസ വാഗ്ദാനം നൽകി കോടികൾ തട്ടി മുങ്ങിയ കൂട്ടിക്കൽ ‘ഓർക്കിഡ് കൺസൾട്ടൻസി’ ഉടമ പാലകുന്നേൽ അനീഷ് ഉമ്മറിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികളാണ് രജിസ്റ്റർ ചെയ്യുന്നത്.
5 മുതൽ 20 ലക്ഷം വരെ വാങ്ങി മുങ്ങി
യൂറോപ്യൻ രാജ്യങ്ങളിൽ ആറു മാസത്തിനുള്ളിൽ വിസ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ ഇയാൾ കെണിയിൽ വീഴ്ത്തിയത്.
ഓരോരുത്തരിൽ നിന്നും 5 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ഇയാൾ കൈപ്പറ്റിയിട്ടുണ്ട്.
പണം നഷ്ടമായവർ ചേർന്ന് രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ ഇതിനകം തന്നെ നൂറുകണക്കിന് ആളുകളാണ് അംഗങ്ങളായിട്ടുള്ളത്. ഇത് തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നു.
പ്രവർത്തിച്ചത് മതിയായ ലൈസൻസുകളില്ലാതെ
പത്തു വർഷത്തിലധികമായി വിവിധ പേരുകളിൽ പ്രവർത്തിക്കുന്ന ഈ ട്രാവൽ ഏജൻസിക്ക് വിസ വ്യാപാരം നടത്തുന്നതിനുള്ള കേന്ദ്ര വിദേശ-തൊഴിൽ മന്ത്രാലയങ്ങളുടെ യാതൊരുവിധ ലൈസൻസും ഉണ്ടായിരുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വിവരം.
ഇവിടെ ആകെ ഉണ്ടായിരുന്നത് ചെറുകിട സംരംഭങ്ങൾക്കുളള ഉദ്യം റജിസ്ട്രേഷൻ മാത്രമായിരുന്നു.
കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസ് വളപ്പിനോട് ചേർന്നു പ്രവർത്തിക്കുന്ന ഈ ട്രാവൽ ഏജൻസിയുടെ പഞ്ചായത്ത് ലൈസൻസ് 2025 മാർച്ചിൽ കാലാവധി കഴിഞ്ഞതുമാണ്.മറ്റ് കമ്പനികളുടെ പേരിലും ഇടപാടുകൾ: ഓർക്കിഡ് കൺസൾട്ടൻസി കൂടാതെ ‘പാലക്കുന്നേൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ അനീഷ് ഉമ്മറും ഇയാളുടെ മാനേജറും ചേർന്ന് കമ്പനി റജിസ്റ്റർ ചെയ്താണ് പണം വാങ്ങിയിരുന്നത്.ലൈസൻസ് വിവരങ്ങൾ ഒന്നും അന്വേഷിക്കാതെ ലക്ഷക്കണക്കിന് രൂപ നൽകി വിസയ്ക്കായി കാത്തിരുന്ന സാധാരണക്കാരാണ് ഇപ്പോൾ വഴിആധാരമായിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.