കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

0
093b4d42-f437-48b9-a583-a2f5063948af

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച ‘എക്സലൻസ് അവാർഡ്’ (സീസൺ 4) വർണ്ണാഭമായ ചടങ്ങോടെ മുണ്ടക്കയത്ത് സമാപിച്ചു. നാലാം വർഷത്തിലേക്ക് കടക്കുന്ന ഈ അവാർഡ് ദാന ചടങ്ങ്, അറിവിന്റെയും നന്മയുടെയും ഒത്തുചേരലായി മാറി.

മുണ്ടക്കയം സി.എസ്.ഐ. പരീഷ് ഹാളിൽ നടന്ന ചടങ്ങ് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ബജറ്റ് സംബന്ധമായ അടിയന്തര മീറ്റിംഗിനായി കോട്ടയത്ത് സാന്നിധ്യം ഉറപ്പാക്കേണ്ടി വന്നതിനാലാണ് നേരിട്ടെത്താൻ സാധിക്കാത്തതെന്ന് അദ്ദേഹം വിദ്യാർത്ഥികളോടും സദസ്സിനോടും ഖേദപൂർവ്വം അറിയിച്ചു.

പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ. മുഖ്യ പ്രഭാഷണം നടത്തി. അദ്ദേഹം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും ജനപ്രതിനിധികളെയും ആദരിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 250-ഓളം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫസർ റോണി കെ. ബേബി വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യുകയും അവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ, കേരള ടുഡേ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ വി.പി. രാജു സ്വാഗതം ആശംസിച്ചു. ഡയറക്ടർ പി. രാജീവ് സി. ചാക്കോ ആമുഖ പ്രസംഗം നിർവ്വഹിച്ചു. ചലച്ചിത്രരംഗത്തുനിന്നുള്ള ജോജി കെ. ജോൺ, ജയേഷ് തമ്പാൻ, ബിഗ് ബോസ് താരം അലക്സാണ്ട്ര ജോൺസൺ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി. ജീരാജ്, തോമസ് കുന്നപ്പള്ളി, ആശ ജോയ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷമീർ എന്നിവർ ആശംസകൾ നേർന്നു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട്, കൊക്കയാർ, പെരുവന്താനം തുടങ്ങിയ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും വൈസ് പ്രസിഡന്റുമാരുടെയും സാന്നിധ്യം പരിപാടിക്ക് ഏറെ മാറ്റ് കൂട്ടി.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ സംഗമവേദിയായി മാറിയ ഈ ചടങ്ങ്, മാധ്യമരംഗത്ത് കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. സംഗീത സംവിധായകൻ സുമേഷ് കൂട്ടിക്കൽ അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷൻ പരിപാടിയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *