കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 3, 2026

മുണ്ടക്കയം ബൈപ്പാസ് മദ്യപാനികളുടെ താവളമാകുന്നു; വലിച്ചെറിയുന്ന ചില്ലുകുപ്പികൾ യാത്രക്കാർക്ക് ഭീഷണി

0
ee0a866f-a48b-431b-91a7-f2217ed814e4

മുണ്ടക്കയം: മുണ്ടക്കയം ബൈപ്പാസ് പരിസരം സമൂഹവിരുദ്ധരുടെയും മദ്യപാനികളുടെയും സ്ഥിരം താവളമായി മാറുന്നു. മദ്യപിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്നതും പൊട്ടിച്ചിട്ടിരിക്കുന്നതുമായ ചില്ലുകുപ്പികൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും അന്യദേശക്കാരായ യാത്രക്കാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

മുണ്ടക്കയം ക്രോസ്‌വേ പാലം മുതൽ ഇല്ലിവളവ് വരെയുള്ള ബൈപ്പാസ് തീരദേശ റോഡുകളിലാണ് വ്യാപകമായി മദ്യക്കുപ്പികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നത്. രാത്രികാലങ്ങളിൽ ഇവിടം കേന്ദ്രീകരിച്ച് വലിയ തോതിലാണ് മദ്യപാനികൾ തമ്പടിക്കുന്നത്. ജനവാസം കുറവായതിനാലും വെളിച്ചക്കുറവുള്ളതിനാലും ഈ പ്രദേശം ഇവർ താവളമാക്കുകയാണ്. മദ്യപിച്ച ശേഷം കുപ്പികൾ റോഡരികിലും മറ്റും പൊട്ടിച്ചിടുന്നത് ഇപ്പോൾ ഇവിടെ പതിവായിരിക്കുകയാണ്.

ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നിരവധി അന്യദേശക്കാരായ യാത്രക്കാർ കടന്നുപോകുന്ന വഴിയാണിത്. ദീർഘദൂര യാത്രക്കാർ ഇവിടെ വാഹനങ്ങൾ നിർത്തി വിശ്രമിക്കാറുമുണ്ട്. റോഡരികിലെ ഈ ചില്ലുകുപ്പികൾ കാരണം കാൽനടയാത്രക്കാർക്കും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നവർക്കും പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്. കൂടാതെ വാഹനങ്ങളുടെ ടയറുകൾ പഞ്ചറാകുന്ന സാഹചര്യവുമുണ്ട്.

യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ വിഷയത്തിൽ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഈ പ്രദേശത്ത് രാത്രികാല വെളിച്ചം ഉറപ്പാക്കണമെന്നും, പോലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed