കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 11, 2026

കൂട്ടിക്കൽ ഒന്നാകെ; സിനിമാ സ്റ്റൈൽ ചേസിംഗ്; കൂട്ടിക്കലിൽ കഞ്ചാവ് സംഘത്തെ സാഹസികമായി കുടുക്കി നാട്ടുകാരുടെ ‘ഓപ്പറേഷൻ തൂഫാൻ’

0
21886890-be86-4375-94ae-1de33b1a9d69-1

കൂട്ടിക്കൽ: നാട്ടിൽ ലഹരിമാഫിയയുടെ കച്ചവടം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, യുവജനങ്ങൾ, ഓട്ടോ ഡ്രൈവർമാർ, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ ജനകീയ ‘ഓപ്പറേഷൻ തൂഫാൻ’ വിജയകരമായി. കൂട്ടിക്കൽ താളുങ്കൽ, കാവാലി മേഖലകളിൽ നടത്തിയ അതീവ സാഹസികമായ ചേസിംഗിനൊടുവിൽ കഞ്ചാവുമായി എത്തിയ ചെങ്ങന്നൂർ സ്വദേശിയെ നാട്ടുകാർ പിടികൂടി. ഇയാളോടൊപ്പം ഉണ്ടായിരുന്ന കൂട്ടിക്കൽ സ്വദേശിയായ കൂട്ടുപ്രതി കാറിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്നലെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

കൂട്ടിക്കൽ താളുങ്കലിൽ വച്ച് ലഹരി കച്ചവടം നടക്കുന്നത് നാട്ടുകാരായ യുവാക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ഇവർ ലഹരി സംഘം വന്ന കാറിനെ തടയാൻ ശ്രമിച്ചു. എന്നാൽ കാർ നിർത്തിയില്ല. യുവാക്കളെ വെട്ടിച്ച് കാർ താളുങ്കലിൽ നിന്നും കാവാലി റോഡ് വഴി അമിതവേഗതയിൽ മുന്നോട്ട് പാഞ്ഞു.

തുടർന്ന്, കൂട്ടിക്കലിലെ യുവാക്കളും ഓട്ടോ ഡ്രൈവർമാരും മറ്റ് നാട്ടുകാരും ചേന്ന് സംഘടിച്ച് ലഹരി സംഘത്തെ ബൈക്കുകളിൽ പിന്തുടരുകയായിരുന്നു. ബൈക്കുകളിൽ നാട്ടുകാർ തങ്ങളെ പിന്തുടരുന്നത് മനസ്സിലാക്കിയ ലഹരി സംഘം ഹെഡ്ലൈറ്റ് ഓഫ് ചെയ്ത് ഇരുട്ടിന്റെ മറവിൽ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചത് അതീവ അപകടകരമായ സാഹചര്യമുണ്ടാക്കി.

ഈ സമയം, കാറിനെ പിന്തുടർന്ന സംഘം ബുദ്ധിപരമായി പ്രവർത്തിച്ചു. ലഹരി സംഘത്തിന്റെ കാർ താളുങ്കലിൽ തിരിച്ചെത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ അവർ നാട്ടുകാരിലെ ചിലരെ ചുമതലപ്പെടുത്തി. തുടർന്ന് കാവാലി മേഖലയിൽ നടത്തിയ ഊർജ്ജിതമായ തിരച്ചിലിൽ കാർ കണ്ടെത്തി. കൂട്ടിക്കൽ കാവലിയിൽ വെച്ച് യുവാക്കൾ കാറിനെ വളഞ്ഞു.

അതീവ സാഹസികമായി നടത്തിയ ഇടപെടലിനൊടുവിലാണ് ചെങ്ങന്നൂർ സ്വദേശിയായ യുവാവിനെ കഞ്ചാവുമായി നാട്ടുകാർ പിടികൂടിയത്. ഇയാളോടൊപ്പം കാറിലുണ്ടായിരുന്ന കൂട്ടിക്കൽ സ്വദേശിയായ കൂട്ടുപ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ നാട്ടുകാരുടെ നേരെ ഓടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

താളുങ്കലിൽ നിന്നുള്ള യുവജനങ്ങളുടെയും മറ്റ് നാട്ടുകാരുടെയും ധീരമായ ഇടപെടലാണ് ഈ കഞ്ചാവ് സംഘത്തെ കുടുക്കാൻ സഹായിച്ചത്. കൂട്ടിക്കലിലെ ചുണകുട്ടികൾ ഉള്ള കാലം വരെ ലഹരിക്ക് എതിരെ നാടിന്റെ പോരാട്ടം തുടരുമെന്ന് ഈ ജനകീയ ഓപ്പറേഷൻ തെളിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed