രണ്ടുമാസമായി പണിമുടക്ക്; മുണ്ടക്കയം 35-ാം മൈലിലെ എടിഎം തകരാർ പരിഹരിക്കാൻ നടപടിയില്ല….എടിഎം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാം, പക്ഷെ പണം കിട്ടില്ല!
മുണ്ടക്കയം: മുണ്ടക്കയം 35-ാം മൈൽ ജംഗ്ഷനിലെ ഏക എടിഎം കൗണ്ടർ മാസങ്ങളായി പ്രവർത്തനരഹിതമായതോടെ പ്രദേശവാസികളും യാത്രക്കാരും കടുത്ത ദുരിതത്തിൽ. കഴിഞ്ഞ രണ്ട് മാസമായി എടിഎം പണിമുടക്കിയിരിക്കുകയാണെങ്കിലും ഇത് പുനഃസ്ഥാപിക്കാൻ ബാങ്ക് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
35-ാം മൈലിലെ എടിഎം തകരാറിലായതോടെ പണം പിൻവലിക്കാനായി നാട്ടുകാർക്ക് മുണ്ടക്കയത്തോ കുട്ടിക്കാനത്തോ എത്തേണ്ട അവസ്ഥയാണ്.പ്രദേശത്തെ ചെറുകിട വ്യാപാരികളെയും ഈ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്. കയ്യിൽ പണമില്ലാത്തതിനാൽ പലരും സാധനങ്ങൾ വാങ്ങാൻ മടിക്കുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നു.ദേശീയപാതയോരത്തെ പ്രധാന പോയിന്റായ ഇവിടെ ദീർഘദൂര യാത്രക്കാരും ശബരിമല തീർത്ഥാടകരും ഉൾപ്പെടെ നിരവധി പേരാണ് പണത്തിനായി ഈ എടിഎമ്മിനെ ആശ്രയിച്ചിരുന്നത്.