തൊടുപുഴ പാലാ റോഡിൽ നെല്ലാപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഗർഭിണിയടക്കം അഞ്ച് പേർക്ക് പരിക്ക്
തൊടുപുഴ: തൊടുപുഴ -പാല റൂട്ടിൽ കരിങ്കുന്നം നെല്ലാപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗർഭിണിയടക്കം അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കാറിൽ സഞ്ചരിച്ചിരുന്ന കോട്ടയം എം.ജി. യൂണിവേഴ്സിറ്റി ജീവനക്കാരായ കോലാനി ഇലവുംതടത്തിൽ ഇ.കെ. സജീവൻ (54), അമയപ്ര സ്വദേശി തുരുത്തിപ്പിള്ളിൽ ജിംസൺ ജോൺ (53), ഏഴല്ലൂർ സ്വദേശി സിമി ജിബിൻ (33), ചിത്തിരപുരം സ്വദേശി ബിഞ്ചുമോൾ തോമസ്, ലോറി ഡ്രൈവർ ഉത്തംപാളയം സ്വദേശി ജയകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. നെല്ലാപ്പാറ കുരിശുപള്ളി വളവിന് സമീപമായിരുന്നു അപകടം. ജീവനക്കാർ സഞ്ചരിച്ചിരുന്ന കാറിൽ ലാറ്റക്സുമായി വന്ന ലോറി ഇടിച്ചായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ പിന്നിൽ ലാറ്റക്സുമായി വന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും കാറിന് മുകളിലേക്ക് ലോറി വീഴാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ ഉടനടി തൊടുപുഴയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് തൊടുപുഴ ഫയർഫോഴ്സും കരിങ്കുന്നം പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.