കാഞ്ഞിരപ്പള്ളിയിൽ ‘പുലി’, മുണ്ടക്കയത്ത് ‘എലി’; വഴിനീളെ വള്ളിപിടിച്ച 7 അംഗ സംഘം ഒടുവിൽ മുണ്ടക്കയത്ത് നാട്ടുകാരോട് കളിച്ച് അടിമേടിച്ചു; പരാതിയുമായി സ്റ്റേഷനിലെത്തിയ സംഘം കുടുങ്ങി!
മുണ്ടക്കയം–പെരുവന്താനം–കാഞ്ഞിരപ്പള്ളി മേഖലകളിൽ നടന്ന സംഘർഷങ്ങൾക്ക് മറ്റൊരു വഴിത്തിരിവ്. ആദ്യം സാധാരണ വാക്കുതർക്കമായി തുടങ്ങിയ സംഭവം, പിന്നീട് ക്രൂര മർദ്ദനത്തിലും തുടർച്ചയായ സംഘർഷങ്ങളിലേക്കും മാറിയതായാണ് പൊലീസ് കണ്ടെത്തൽ.
പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വാക്കുതർക്കത്തിലും സംഘർഷത്തിലും പങ്കെടുത്തവരെ പെരുവന്താനം സി.ഐ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേസിൽ പുതിയ വിവരങ്ങൾ പുറത്തുവന്നത്.
കേസിലെ പരാതിക്കാർ തന്നെയാണ് മുൻപ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ചുവെന്ന സംശയം പൊലീസ് ശക്തമാക്കി. ഈ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി സി.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കണ്ടെത്താൻ വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു.
സംഭവത്തിന്റെ തുടക്കം ഈരാറ്റുപേട്ടയിൽ നിന്നാണ്.
കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് കാറോടിച്ചു വന്നിരുന്ന മോൻസി ജോർജ് എന്നയാളെ, തങ്ങളുടെ വാഹനത്തെ ഓവർടേക്ക് ചെയ്തുവെന്ന കാരണത്താൽ പ്രതികൾ വഴിമധ്യേ തടഞ്ഞു. തുടർന്ന് വാഹനം ഉപയോഗിച്ച് വിലങ്ങി നിർത്തി, ജോർജിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആരോപണം. മർദ്ദനത്തിൽ മുഖത്തും കണ്ണിനും ഗുരുതര പരിക്കേറ്റ നിലയിലാണ് ജോർജ്.
ഈ ആക്രമണത്തിന് പിന്നാലെ പ്രതികൾ മുണ്ടക്കയം ഭാഗത്തേക്ക് നീങ്ങി, അവിടെ മറ്റൊരു യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്തു. ഇതോടെ പ്രദേശത്ത് തുടർച്ചയായ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടു.
സ്ഥിതിഗതികൾ ഗുരുതരമാകുന്നതിനിടെ, പെരുവന്താനം സി.ഐ തൃദീപ് ചന്ദ്രൻ പ്രതികളെ കസ്റ്റഡിയിലെടുത്ത് കാഞ്ഞിരപ്പള്ളി സി.ഐ മനോജ് കുമാറിന് കൈമാറി. മോൻസി ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് തുടർനടപടികൾ ശക്തമായി തുടരുകയാണ്..