ഫയർഫോഴ്സ് മടങ്ങി; ജീവൻ പോലും പണയം വെച്ച് തോട്ടിലിറങ്ങി യുവാവിന്റെ മൃതദേഹം കരയ്ക്കെത്തിച്ച് വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പ്രതീഷ് പ്രസാദ്
വാകത്താനം: തോട്ടിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സ്വന്തം ജീവൻ പോലും പണയം വെച്ച് വെള്ളത്തിലിറങ്ങി കരയ്ക്കെത്തിച്ച് പോലീസ് ഉദ്യോഗസ്ഥൻ മാതൃകയായി. വാകത്താനം പോലീസ് സ്റ്റേഷനിലെ പ്രതീഷ് പ്രസാദാണ് തോട്ടിലിറങ്ങി മൃതദേഹം കരയിലെത്തിച്ചത്.
വാകത്താനത്ത് തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സിനെ വിവരമറിയിച്ചിരുന്നു. എന്നാൽ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തോട്ടിലിറങ്ങാൻ തയ്യാറാകാതെ മടങ്ങിപ്പോയതായാണ് വിവരം. സേനാവിഭാഗം പിന്മാറിയതോടെ പ്രദേശത്ത് ആശങ്ക പടർന്നു.
ഈ സാഹചര്യത്തിലാണ് ഒട്ടും മടിക്കാതെ വാകത്താനം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പ്രതീഷ് പ്രസാദ് തോട്ടിലേക്ക് ഇറങ്ങിയത്. തുടർന്ന് മൃതദേഹം സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് ധീരമായ ഇടപെടൽ നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാരും സഹപ്രവർത്തകരും അഭിനന്ദിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.