മുണ്ടക്കയം ബൈപാസ് റോഡിൽ അപകടക്കെണിയായി തടി കയറ്റുന്ന ലോറികൾ; വളവിലെ തടി കയറ്റലും റോഡിലെ മാലിന്യങ്ങളും; മുണ്ടക്കയം ബൈപാസിൽ വൻ ദുരന്തത്തിന് സാധ്യത; ബൈപാസ് റോഡിൽ കിടന്ന് പെറ്റി അടിക്കുന്ന ഹൈവേ പോലീസ് ഇതൊന്നും കാണുന്നില്ലേ?
മുണ്ടക്കയം: ബൈപാസ് റോഡിൽ ബൈപാസ് നഗറിന് സമീപം ഗതാഗത നിയമങ്ങൾ ലംഘിച്ച് റോഡ് കയ്യേറി തടി കയറ്റുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. റോഡിലെ വളവുകളിൽ തടി ലോറികൾ നിർത്തിയിട്ട് ലോഡിങ് നടത്തുന്നതാണ് വലിയ അപകടങ്ങൾ വിളിച്ചുവരുത്തുന്നത്.
ലോറികളിൽ നിന്നും റോഡിലേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് പലപ്പോഴും തടികൾ കിടക്കുന്നത്. വളവുകളായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്കോ, പിന്നിൽ വരുന്ന വാഹനങ്ങൾക്കോ പെട്ടെന്ന് ഇത് ശ്രദ്ധിക്കാൻ കഴിയാത്തത് വൻ ദുരന്തങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. രാത്രി കാലങ്ങളിൽ ഈ അപകടക്കെണി കൂടുതൽ ഗുരുതരമാകും.
ഇതിന് പുറമെ, റബർ തടിയുടെ തൊലിയും മറ്റ് മാലിന്യങ്ങളും റോഡിലേക്ക് വീണു കിടക്കുന്നത് ഇരുചക്ര വാഹന യാത്രികർക്ക് വലിയൊരു ഭീഷണിയാണ് ഒരുക്കുന്നത്. റോഡിൽ വീഴുന്ന ഈ അഴുക്കുകളിൽ തെന്നി ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. മഴ കൂടിയുള്ള സാഹചര്യങ്ങളിൽ ഈ മാലിന്യങ്ങൾ റോഡിൽ വലിയ അപകടങ്ങൾക്ക് വഴിവെക്കും.
യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി, നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് വളവുകളിൽ വാഹനം നിർത്തിയിട്ടുള്ള ഈ തടി കയറ്റലിനെതിരെ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് തന്നെ ഗതാഗത വകുപ്പും പോലീസും കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്.