എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു .. അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ എങ്ങനെ?രോഗ ലക്ഷണങ്ങൾ എന്തൊക്കെ ? വരാതിരിക്കുവാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ?
എരുമേലി : എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നു ഒരു യുവാവിന് ജീവൻ നഷ്‌ടമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. എരുമേലി മുട്ടപ്പള്ളി പന്തുകളത്തിൽ പി എൻ അരുൺ കുമാർ (45) ആണ് മരിച്ചത്.
പനിയെ തുടർന്ന് മുക്കൂട്ടുതറയിൽ സ്വകാര്യ ആശുപത്രിയിൽ ആണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
രോഗബാധ എങ്ങനെ?
മലിന ജലത്തിൽനിന്നുള്ള രോഗാണുക്കൾ തലച്ചോറിലെത്തിയാണു രോഗബാധയുണ്ടാകുന്നത്. മൂക്കിനെയും മസ്‌തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ, കർണപുടത്തിലെ സുഷിരങ്ങൾ എന്നിവ വഴി രോഗകാരിയായ അമീബ പ്രവേശിക്കും
കൊടുംവേനലിൽ ജലാശയങ്ങളിലെ വെള്ളത്തിന്റെ ചൂടു കൂടുന്നതും അമീബ വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. മൂക്ക് പൊത്തിപ്പിടിക്കാതെ വെള്ളത്തിൽ ചാടുന്നവരിൽ വേഗത്തിൽ അമീബബാധ ഉണ്ടാവുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിലൂടെ വെള്ളം കയറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നു.
രോഗ ലക്ഷണങ്ങൾ :
പനി, തലവേദന, ഓക്കാനം, ഛർദി, അപസ്മാരം, ബോധനഷ്‌ടം, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന, നടുവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. തുടർന്ന് പരസ്‌പര ബന്ധമില്ലാത്ത സംസാരം, ബോധക്ഷയം, തുടങ്ങിയവയും ഉണ്ടാകാം. ആരംഭത്തിൽ തന്നെ ഡോക്‌ടറെ കണ്ട് ചികിത്സ തേടുക. മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണം. ലക്ഷണങ്ങളുള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ വെള്ളം മൂക്കിൽ കയറുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.
ശ്രദ്ധിക്കേണ്ടവ :
മലിന ജലാശയങ്ങളിൽ രോഗകാരിയായ നെഗ്ലേറിയ ഫൗളേരി അക്കാന്തമീബ ഉണ്ടാകാം. അതിനാൽ മലിനജലത്തിലെ കുളിയും നീന്തലും ഒഴിവാക്കണം
. അടിത്തട്ട് ഇളക്കി മറിച്ച വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുങ്ങാംകുഴി ഇടുകയോ മുഖം കഴുകുകയോ ചെയ്യരുത്.
. നീന്തൽ പരിശീലനത്തിൽ ഏർപ്പെടുന്നവർ നോസ് പ്ലഗുകൾ ധരിക്കണം.
ജല സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.