‘കേരള ടുഡേ’ വാർത്തയ്ക്ക് ഫലം: മുണ്ടക്കയം കൂട്ടിക്കൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ മുണ്ടക്കയം പഞ്ചായത്ത് രംഗത്ത്; ഗതാഗതം നിയന്ത്രിക്കാൻ പോലീസിനൊപ്പം യാത്രക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും കൈമെയ് മറന്ന് രംഗത്തിറങ്ങി; ഇത് മുണ്ടക്കയത്തിന്റെ ഒത്തൊരുമ
മുണ്ടക്കയം: കൂട്ടിക്കൽ ജംഗ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മാതൃകാപരമായ കൂട്ടായ്മ. ജംഗ്ഷനിലെ ദുരിതാവസ്ഥ ചൂണ്ടിക്കാണിച്ച് ‘കേരള ടുഡേ’ ന്യൂസ് നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര നടപടികൾ ആരംഭിച്ചത്. വാർത്ത സംപ്രേഷണം ചെയ്ത് മൂന്നാം ദിവസം തന്നെ ജനപ്രതിനിധികൾ നേരിട്ടിറങ്ങി ഓട വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഉച്ചയ്ക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ കനത്ത മഴയെപ്പോലും അവഗണിച്ച് രാത്രി വൈകിയും തുടർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യുവിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ടി. സാബു, മറിയാമ്മ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിനിമോൾ, അയൂബ് ഖാൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജിരാജ് തുടങ്ങിയവർ മഴയത്തും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നിലുണ്ടായിരുന്നു.
ഒത്തൊരുമയുടെ നേർക്കാഴ്ച
കേവലം ജനപ്രതിനിധികൾ മാത്രമല്ല, മുണ്ടക്കയം നിവാസികളുടെ ഒത്തൊരുമയുടെ മികച്ച ഉദാഹരണം കൂടിയായി ഈ പ്രവർത്തനങ്ങൾ മാറി. റോഡിലെയും ഓടയിലെയും പണികൾ നടക്കുന്നതിനിടെ ഗതാഗതം നിയന്ത്രിക്കാൻ പോലീസിനൊപ്പം യാത്രക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും കൈമെയ് മറന്ന് രംഗത്തിറങ്ങി. ഏവരും ഒറ്റക്കെട്ടായി നിന്നതോടെ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സും എത്തിയതോടെ ആദ്യദിനത്തെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഓടയിലെ പകുതിയോളം ചെളി നീക്കം ചെയ്യാൻ സാധിച്ചിട്ടുണ്ട്. നാളെയോടെ ബാക്കിയുള്ള ചെളിയും മാലിന്യങ്ങളും പൂർണ്ണമായി നീക്കം ചെയ്ത് കൂട്ടിക്കൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉറപ്പാക്കും.”
– സൂസമ്മ മാത്യു (മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്)
ജനങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് അടിയന്തരമായി ഇടപെട്ട പഞ്ചായത്ത് ഭരണസമിതിയുടെയും, അതിന് കാരണമായ വാർത്ത നൽകിയ ‘കേരള ടുഡേ’യുടെയും ഇടപെടലിനെ അഭിനന്ദിക്കുകയാണ് മുണ്ടക്കയം നിവാസികൾ. പ്രശ്നത്തിന് പൂർണ്ണ പരിഹാരമാകുന്നതോടെ യാത്രക്കാരുടെയും വ്യാപാരികളുടെയും വലിയൊരു ദുരിതത്തിനാകും ശമനമാകുക.