ഒരിക്കൽ പോലും തുറന്നു പ്രവർത്തിപ്പിക്കാൻ എരുമേലി പഞ്ചായത്തിന് കഴിയാതെ പോയ അത്യാധുനിക അറവുശാല ഇപ്പോൾ അറു പഴഞ്ചൻ….
കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണം വരെ എല്ലാപ്രക്രിയകളും നടത്താൻ സജ്ജമാക്കിയ ഒരൊറ്റ യന്ത്ര ഉപകരണം പോലും ഇപ്പോൾ പ്രവർത്തിപ്പിക്കാൻ പറ്റില്ല. പ്രതിദിനം 10 മുതല്‍ 15 കന്നുകാലികളെ കശാപ്പ് ചെയ്യാനുള്ള യന്ത്രങ്ങളാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇതെല്ലാം പഴയതായി. ഒപ്പം മൊത്തം തുരുമ്പ് പിടിച്ച നിലയിൽ. കെട്ടിടം മൊത്തം നാശത്തിൽ. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കെട്ടിടവും അതിനുള്ളിൽ സ്ഥാപിച്ച യന്ത്രങ്ങളും ആധുനിക നിലവാരത്തിലുള്ള സംവിധാനങ്ങളും എല്ലാം കാലഹരണപ്പെട്ട നിലയിൽ.
അതേസമയം ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കിയെന്ന് പഞ്ചായത്ത് വികസന രേഖയിൽ കാണാം. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചു ഉയര്‍ന്ന നിലവാരമുള്ള മാംസം ഉല്‍പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നു എന്നാണ് വികസന രേഖയിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ ഒരിക്കൽ പോലും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.
ഇനി ഇത് പ്രവർത്തനക്ഷമമാക്കണമെങ്കിൽ പുതിയ ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കണം. ഇതല്ലാതെ ഇനി പ്രവർത്തിപ്പിക്കാൻ മറ്റ് മാർഗം ഇല്ലന്ന് പരിശോധന നടത്തിയ സാങ്കേതിക വിദഗ്ധർ പറയുന്നു. മാംസംമുറിക്കല്‍, എല്ലുകള്‍ നീക്കം ചെയ്യല്‍, അറവുമാലിന്യങ്ങള്‍ വേര്‍തിരിക്കല്‍ എന്നിവയെല്ലാം വേഗത്തില്‍ ചെയ്യാനാകുന്ന മെഷീനുകൾ, ക്രയിൻ എന്നിവയാണ് സ്ഥാപിച്ചിരുന്നത്. കട്ടിംഗ് മെഷീന്‍, ഹാംഗര്‍, കണ്‍വെയര്‍, സംഭരണസ്ഥലം, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലം എന്നിവയെല്ലാം ഒരുക്കിയിരുന്നു. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ കന്നുകാലിയുടെ ഭാരം അളന്നു വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള സൗകര്യവും സജ്ജമാക്കിയിരുന്നു. അണുവിമുക്തമാക്കിയ കന്നുകാലികളെ കശാപ്പ് കഴിഞ്ഞാലുടന്‍ തല, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവ യന്ത്രങ്ങളുപയോഗിച്ച് വേര്‍പെടുത്തി പ്രത്യേക ഇടങ്ങളിലേക്ക് മാറ്റുന്നതിനും പ്രത്യേകം സംവിധാനമുണ്ടായിരുന്നു.
വിവിധ ഘട്ടങ്ങളിലൂടെ നീക്കംചെയ്യുന്ന അറവ് മാലിന്യം ഡ്രൈനേജ് സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ ഇതൊന്നും നാളിതുവരെ പഞ്ചായത്ത് ഉപയോഗിച്ചിട്ടില്ല.
15 വർഷം മുമ്പ് നേർച്ചപ്പാറ കമുകിൻകുഴി ഭാഗത്ത് ആണ് അറവുശാല നിർമിച്ചത്. ഒന്നര കോടിയോളം രൂപ ഇതിനായി പലപ്പോഴായി ചെലവിട്ടു. ഇതു വരെ പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത അറവുശാല കെട്ടിടം നിഷ്‌ക്രിയ ആസ്തി ആയി കണ്ടുകെട്ടേണ്ടി വരുമെന്ന് കഴിഞ്ഞയിടെ പഞ്ചായത്ത് ഓഡിറ്റിംഗ് നടത്തിയ ഉദ്യോഗസ്ഥർ അഭിപ്രായം അറിയിച്ചിരുന്നു. പണി പൂർത്തിയായപ്പോൾ പ്രവർത്തനം ആരംഭിച്ചിരുന്നു എങ്കിൽ ഇപ്പോൾ യന്ത്ര സംവിധാനങ്ങൾ പരിഷ്ക്കരിക്കാൻ കഴിയുമായിരുന്നു. ഒരിക്കൽ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത നിലയിൽ അറവുശാലയെ അടച്ചിട്ടത് വൻ നഷ്ടം ആണ് സൃഷ്ടിച്ചിരിക്കുന്നത്.
നിർമാണത്തിന് ശില ഇട്ടത് എൽഡിഎഫ് ഭരണസമിതിയും നിർമാണം നടത്തിയത് യുഡിഎഫ് ഭരണസമിതിയുമാണ്. ഇതിന് ശേഷം ഇരു പക്ഷവും അധികാരത്തിൽ വന്നു. ഇരു പക്ഷങ്ങളും മാറി മാറി ഭരണം നടത്തിയിട്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തത് വികസന പരാജയമായി മാറുകയാണ്.
ഇറച്ചിക്കടകൾ നിരവധി ഉള്ള എരുമേലിയിൽ ഒന്നിന് പോലും ലൈസൻസ് ഇല്ല. പഞ്ചായത്തിന് സ്വന്തം അറവുശാല ഉണ്ടെങ്കിൽ ആണ് പഞ്ചായത്ത് രാജ് നിയമ പ്രകാരം ഇറച്ചിക്കടകൾക്ക് ലൈസൻസ് അനുവദിക്കാൻ കഴിയുക. ഇറച്ചിക്കടകൾക്ക് ലൈസൻസിന് അപേക്ഷ നൽകിയാൽ ഇത് മൂലം നിരസിക്കപ്പെടുകയാണ്. ഇങ്ങനെ ലൈസൻസ് ഇനത്തിൽ പഞ്ചായത്തിന് ലഭിക്കേണ്ട വരുമാനവും നഷ്ടമായി മാറിയിരിക്കുകയാണ്.
(അറവുശാലയുടെ ഉൾഭാഗ ചിത്രം കമന്റ് ബോക്സിൽ)