മണ്ണിൽ നിന്ന് ഉയരുന്നു, വികസനത്തിന്റെ ‘ഫ്രീകിക്ക്’; ബോയ്സ് എസ്റ്റേറ്റ് ഗ്രൗണ്ട് രണ്ട് മാസത്തിനകം സ്റ്റേഡിയമാക്കി മാറ്റും
ബോയ്സ് എസ്റ്റേറ്റ് ഗ്രൗണ്ട്’, മലയോര മേഖലയിലെ കായിക പ്രേമികൾക്കു മറക്കാൻ കഴിയാത്ത ഇടം. ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റുകളുടെ ആവേശം എസ്റ്റേറ്റ് മണ്ണിൽ നിന്നു വാനോളം ഉയർത്തിയ കാലങ്ങൾ, അവധിക്കാലത്ത് കുട്ടികളുടെ പരിശീലന കേന്ദ്രമായും മാറിയ കളിസ്ഥലം. മണ്ണിൽ ബൂട്ടുകൾ ധരിക്കാതെ പന്ത് തട്ടിയ കാലങ്ങൾ കടന്ന് അഖില കേരള മത്സരങ്ങൾക്കു വരെ സാക്ഷിയായ മൂന്ന് പതിറ്റാണ്ടിന്റെ കായിക ചരിത്രം പേറുന്ന ഗ്രൗണ്ടിന്റെ മുഖഛായ മാറുകയാണ്. ബോയ്സ് മൈതാനം ഇനി അറിയപ്പെടാൻ പോകുന്നത് സ്റ്റേഡിയം എന്ന പേരിൽ.
മൈതാനത്തിന്റെ മാറ്റം ഇങ്ങനെ
ഗ്രൗണ്ടിൽ വാശിയേറിയ കായിക പോരാട്ടങ്ങൾ നടക്കുമ്പോൾ റബർ മരങ്ങളുടെ ചുവട്ടിൽ ആയിരുന്നു കാണികൾക്ക് ഇടം. എന്നാൽ സ്റ്റേഡിയത്തിൽ ഇവർക്കായി 3000 ഇരിപ്പിടങ്ങൾ നിർമിക്കും. തറ നിരപ്പാക്കൽ ജോലികളാണ് പുരോഗമിക്കുന്നത്. തുടർന്ന് ഗാലറി നിർമിക്കും. സെപ്റ്റംബർ അവസാനത്തോടെ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇടുക്കി – കോട്ടയം ജില്ലയുടെ അതിർത്തിയിലെ 35–ാം മൈലിലുള്ള സ്റ്റേഡിയം ഇരു ജില്ലകൾക്കും പ്രയോജനകരമാകും. കോട്ടയം നെഹ്റു സ്റ്റേഡിയവും പാലാ സ്റ്റേഡിയവും കഴിഞ്ഞാൽ ഇൗ കുഞ്ഞൻ സ്റ്റേഡിയം കായിക കേരളത്തിന് മുതൽക്കൂട്ടായി മാറും.
എട്ട് വർഷമായി ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ഇവിടെ പരിശീലനം നടത്തുന്നുണ്ട്. സമീപ പഞ്ചായത്തുകളിൽ നിന്നായി ഒട്ടേറെ വിദ്യാർഥികളെ സ്പോർട്സ്, ഗെയിംസ് എന്നിവയിൽ താരങ്ങളാക്കി മാറ്റി. അക്കാദമിയിലെ കുട്ടികൾ സ്കൂൾ കായിക മേളകളിൽ നേട്ടങ്ങൾ കൈവരിച്ചതും ഇൗ മൈതാനത്ത് നിന്നും ലഭിച്ച പരിശീലനത്തെ തുടർന്നാണ്.