കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിൽ സഹായം തേടി നാടോടി കുടുംബങ്ങൾ; പട്ടിണിയിലായി സ്ത്രീകളും കുട്ടികളും, പട്ടിണി മാറ്റാൻ തേങ്ങ വരെ ആഹാരം…നോവായി വിശപ്പിന്റെ കാഴ്ചകൾ, അധികൃതരുടെ ശ്രദ്ധ അനിവാര്യം

0
6328e6db-c3cb-41da-aefc-d3e5b3a4c285

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡ് പരിസരത്ത് അഭയം പ്രാപിച്ചിരിക്കുന്ന നാടോടി കുടുംബങ്ങളുടെ അവസ്ഥ ദയനീയമാകുന്നു. ഗുജറാത്തിൽ നിന്നാണെന്ന് പറയപ്പെടുന്ന ഒരു സംഘം സ്ത്രീകളും കുട്ടികളുമാണ് കൊടുംതണുപ്പിലും വിശപ്പിലും തെരുവിൽ കഴിയുന്നത്.

ബസ്റ്റാൻഡ് പരിസരത്തെ വ്യാപാരികളോടും യാത്രക്കാരോടും സഹായം അഭ്യർത്ഥിച്ചാണ് ഇവർ ഓരോ ദിവസവും തള്ളിനീക്കുന്നത്. വിശപ്പിന്റെ കാഠിന്യം വ്യക്തമാക്കുന്ന പല കാഴ്ചകളും ഇവിടെ നിത്യസംഭവമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ബസ്റ്റാൻഡിലെ ഒരു തേങ്ങാ വ്യാപാരി നൽകിയ മൂന്ന് തേങ്ങകൾ അവിടെ വെച്ച് തന്നെ പൊട്ടിച്ച് പച്ചയ്ക്ക് കഴിച്ചാണ് കുട്ടികളടക്കമുള്ളവർ വിശപ്പടക്കിയത്. എന്ത് ഭക്ഷണം നൽകിയാലും അത് ആർത്തിയോടെ കഴിക്കുന്ന ഇവരുടെ അവസ്ഥ യാത്രക്കാരിൽ നോവായി മാറുകയാണ്.

കൈക്കുഞ്ഞുങ്ങളടക്കമുള്ള കുട്ടികളാണ് ഈ സംഘത്തിലുള്ളത്. രാത്രികാലങ്ങളിൽ ബസ്റ്റാൻഡ് തിണ്ണകളിലും മറ്റും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഇവർ കഴിയുന്നത്. ഭാഷാപരമായ ബുദ്ധിമുട്ടുകൾ കാരണം ഇവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ നാട്ടുകാർക്ക് സാധിക്കുന്നില്ല.

വ്യാപാരികളും ചില യാത്രക്കാരും ഭക്ഷണവും ചെറിയ സാമ്പത്തിക സഹായങ്ങളും നൽകുന്നുണ്ടെങ്കിലും, ഈ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വവും സംരക്ഷണവും മുൻനിർത്തി അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *