കെഎസ്ആർടിസി കുറിയർ സർവീസ്; ഭൂരിഭാഗം ഡിപ്പോകളിലും പ്രവർത്തനം നിലച്ചു…8 മണിക്കൂറിന് 715 രൂപയും തുടർന്ന് അധികസമയത്തിന് അധികവേതനവും ലാഭത്തിന്റെ 5 ശതമാനം ഇൻസെന്റീവും വാഗ്ദാനം നൽകിയായിരുന്നു നിയമനം, ലാഭത്തിൽ പ്രവർത്തിച്ചിട്ടും, വാഗ്ദാനം നൽകിയ ഇൻസെന്റീവ് തൊഴിലാളികൾക്ക് നൽകിയില്ല.
കെഎസ്ആർടിസിക്ക്ലാഭമുണ്ടാക്കിയിരുന്ന കുറിയർ സർവീസ് സ്വകാര്യവൽക്കരിച്ചതോടെ ഭൂരിഭാഗം ഡിപ്പോകളിലും കുറിയർ ഓഫിസ് പ്രവർത്തനം നിലച്ചു. കഴിഞ്ഞ 13 മുതലാണ് കുറിയർ സർവീസ് നിലച്ചത്. ഇതോടെ പാഴ്സലുകളും കുറിയറുകളും ഡിപ്പോകളിൽ സ്വീകരിക്കാതായി.
11 ഡിപ്പോകളിൽ മാത്രമാണ് ഓഫിസ് ഭാഗികമായി തുറന്നിട്ടുള്ളത്. നെയ്യാറ്റിൻകര, തിരുവനന്തപുരം, കിളിമാനൂർ, കൊട്ടാരക്കര, പത്തനംതിട്ട, കായംകുളം, കോട്ടയം, വൈറ്റില, പാലക്കാട്, കോഴിക്കോട്, മാനന്തവാടി എന്നീ ഡിപ്പോകളിൽ കരാർ ഏറ്റെടുത്ത കമ്പനി ജീവനക്കാരെ നിയമിച്ചു. എന്നാൽ മറ്റു ഡിപ്പോകളിൽ കുറിയർ ഓഫിസുകൾ പ്രവർത്തിക്കാത്തതിനാൽ പാഴ്സലുകൾ സ്വീകരിക്കുന്നില്ല. ആകെ 46 ഡിപ്പോകളിലാണ് കുറിയർ സർവീസുണ്ടായിരുന്നത്.
ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള സിങ്കു സൊലൂഷൻസിനാണ് കരാർ നൽകിയിരിക്കുന്നത്. പുതിയ കമ്പനിയുടെ സോഫ്റ്റ്‌വെയറിനെക്കുറിച്ച് പരിശീലനം നൽകാൻ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടത്തിയ പരിപാടി ജീവനക്കാർ ബഹിഷ്കരിച്ചിരുന്നു. കുറിയർ സർവീസ് പൂർണമായും സ്വകാര്യ കമ്പനിയെ ഏൽപിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.
കെഎസ്ആർടിസിയിൽ താൽക്കാലിക കണ്ടക്ടർമാരായി ജോലി ചെയ്തിരുന്നവരെയാണ് പരിശീലനം നൽകി ഡിപ്പോകളിൽ കുറിയർ സർവീസിൽ നിയമിച്ചിരുന്നത്. 8 മണിക്കൂറിന് 715 രൂപയും തുടർന്ന് അധികസമയത്തിന് അധികവേതനവും ലാഭത്തിന്റെ 5 ശതമാനം ഇൻസെന്റീവും വാഗ്ദാനം നൽകിയായിരുന്നു നിയമനം
ലാഭത്തിൽ പ്രവർത്തിച്ചിട്ടും, വാഗ്ദാനം നൽകിയ ഇൻസെന്റീവ് തൊഴിലാളികൾക്ക് നൽകിയില്ല. സ്വകാര്യ കമ്പനി പ്രവർത്തനം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ തങ്ങളെ കണ്ടക്ടർമാരായി തിരികെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുറിയർ സർവീസിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ അപേക്ഷ നൽകിയിട്ടുണ്ട്.