കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 3, 2026

എരുമേലി – റാന്നി വനപാതയിൽ തെരുവുനായ ശല്യം രൂക്ഷം; ഇരുചക്ര വാഹന യാത്രക്കാർക്ക് നേരെ ചാടി വീഴുന്ന തെരുവുനായകൾ

0
40808c4e-e265-4994-9328-7d19f702c19f

എരുമേലി: എരുമേലി – റാന്നി റോഡിൽ കനകപ്പലം മുതൽ മുക്കട വരെ നീളുന്ന വനപാതയിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. കൂട്ടമായി എത്തുന്ന നായകൾ വാഹനങ്ങൾക്ക് കുറുകെ ചാടുന്നതിനാൽ ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകട ഭീഷണി നേരിടുന്നത്. റോഡരികിൽ വാഹനം നിർത്തി വിശ്രമിക്കുന്നവർക്ക് നേരെയും നായകളുടെ ആക്രമണ ശ്രമങ്ങളുണ്ടാകുന്നുണ്ട്.

ഭക്ഷണം കിട്ടാതായതോടെ അക്രമകാരികളായി

വനപാതയിൽ തള്ളുന്ന മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുന്ന നായകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. പലരും ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ച നായകളാണ് ഇതിൽ ഏറെയും. എന്നാൽ അടുത്തിടെ പാത വൃത്തിയാക്കിയതോടെ മാലിന്യം തള്ളൽ ഗണ്യമായി കുറഞ്ഞു. ഇതോടെ ഭക്ഷണം ലഭിക്കാതായതാണ് നായകൾ കൂടുതൽ അക്രമകാരികളാകാൻ കാരണമായതെന്ന് കരുതുന്നു. പെട്ടെന്ന് റോഡിലേക്ക് ചാടിവീഴുന്ന നായകളെ ഭയന്ന് ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

വെളിച്ചമില്ല; രാത്രി യാത്ര ദുഷ്കരം

രാത്രി സമയങ്ങളിൽ ഈ പാതയിലൂടെയുള്ള യാത്ര തികച്ചും അപകടകരമാണ്. തെരുവുനായകൾ കൂട്ടത്തോടെ പാഞ്ഞെത്തി വാഹനങ്ങളെ പിന്തുടരുന്നത് പതിവായിരിക്കുകയാണ്. ഇതിന് പുറമെ വനപാതയിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. പാത ആരംഭിക്കുന്ന കരിമ്പിൻതോട് ഭാഗത്ത്‌ ആകെയുള്ള 13 വഴിവിളക്കുകളിൽ രണ്ടെണ്ണം മാത്രമാണ് നിലവിൽ പ്രകാശിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

അടിയന്തരമായി അധികൃതർ ഇടപെട്ട് മേഖലയിൽ വർധിച്ചുവരുന്ന തെരുവുനായകളെ പിടികൂടി അനിമൽ ഷെൽട്ടറുകളിലേക്കോ മറ്റ് സംരക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റണമെന്നും, അല്ലാത്തപക്ഷം ഇതുവഴി യാത്ര ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഈ വനപാതയിലൂടെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രികർ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed