അമൽജ്യോതി എൻജിനീയറിങ് കോളേജിൽ ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് ഉച്ചകോടി മാർച്ച് 6, 7 തീയതികളിൽ; കേരളത്തിലെ 569 കോളേജുകളിൽ നിന്നായി 3000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് കേരളത്തിലെ വിദ്യാർത്ഥി സംരംഭകത്വ രംഗത്തിന് പുതിയ ഉണർവ് നൽകുന്ന ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് വേദിയാകുന്നു. മാർച്ച് 6, 7 തീയതികളിലായി നടക്കുന്ന ഈ ഉച്ചകോടിയിൽ കേരളത്തിലെ 569 കോളേജുകളിൽ നിന്നായി 3000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. കേരള നിയമസഭയുടെ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡല എം.എൽ.എയുമായ ഡോ. എം. ജയരാജ് മാർച്ച് 7- ആം തീയതി രാവിലെ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ ആശയങ്ങളെ സാമൂഹിക നന്മയ്ക്കായി പ്രയോജനപ്പെടുത്താവുന്ന ഉൽപ്പന്നങ്ങളായും സംരംഭങ്ങളായും രൂപപ്പെടുത്തുന്നതിനുള്ള അക്കാദമിക് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളുടെ (IEDC) സംസ്ഥാനതല സംഗമമായാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഐ.ഇ.ഡി.സി കേന്ദ്രങ്ങളുടെ പ്രതിനിധികളും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുക്കും.
ഉച്ചകോടിയുടെ ഭാഗമായി മാർച്ച് 6-ാം തീയതി അധ്യാപകർക്കായി നോഡൽ ഓഫീസേഴ്സ് മീറ്റപ്പ് സംഘടിപ്പിക്കുന്നു. ദേശീയ നിലവാരത്തിലുള്ള കൂടുതൽ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകൾ സൃഷ്ടിക്കുകയും വിദ്യാർത്ഥികൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വിവിധ കോളേജുകളിൽ നിന്നായി 250-ത്തിലധികം അധ്യാപകർ ഈ പരിപാടിയിൽ പങ്കെടുക്കും. Seeram Sambasiva Rao, IAS Special Secretary Department of Electronics & Information Technology, Government of Kerala, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ശ്രീ അനൂപ് അംബിക, ഗോവ സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ശ്രീ ഡി. എസ്. പ്രശാന്ത്, ഇന്ത്യൻ സ്റ്റെപ്സ് ആൻഡ് ബിസിനസ് ഇൻകുബേറ്റേഴ്സ് അസോസിയേഷൻ (ISBA) തലവൻ ശ്രീ പ്രസാദ് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്ലാസുകൾ നടത്തപ്പെടും.
വിദ്യാർത്ഥികളിൽ പുതുമയാർന്ന ആശയങ്ങൾ വളർത്തിയെടുക്കുന്നതിനും നേതൃത്വക്ഷമത വികസിപ്പിക്കുന്നതിനുമായി ഐ.ഇ.ഡി.സി ലീഡ്സ് കോൺക്ലേവ് സംഘടിപ്പിക്കും. വിവിധ കോളേജുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 250-ത്തിലധികം വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കും. ഐ.ഇ.ഡി.സി പ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ചും പുതിയ സംരംഭങ്ങൾ ആരംഭിച്ചും ഉയർന്ന തൊഴിൽ മേഖലകളിൽ എത്തിച്ചേരുകയും ചെയ്ത പൂർവ വിദ്യാർത്ഥികളും വിദഗ്ധരുമാണ് ഈ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
മാർച്ച് 7-ന് നടക്കുന്ന പ്രധാന ഉച്ചകോടിയിൽ വിദ്യാർത്ഥികൾക്കായി ബിസിനസ്, ഇൻവെസ്റ്റ്മെന്റ്, ടെക്നോളജി എന്നീ മൂന്ന് മേഖലകളിലായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഐ.ഇ.ഡി.സി വിദ്യാർത്ഥി അംഗങ്ങൾ വികസിപ്പിച്ചെടുത്ത ആറു നവീന ഉൽപ്പന്നങ്ങളുടെ പ്രകാശനവും നടക്കും. കൂടാതെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത ഏകദേശം 25 ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും.
ടെക്നോളജി വിഭാഗത്തിൽ IBM, ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), റോയൽ എൻഫീൽഡ്, AICTE ഐഡിയ ലാബ്, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി.യുടെ Chip to Startup തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സാങ്കേതിക ശില്പശാലകൾ നടക്കും.
ബിസിനസ് വിഭാഗത്തിൽ ഓക്സിജൻ ഡിജിറ്റൽ സൊല്യൂഷൻസ് സ്ഥാപകൻ ഷിജോ കെ. തോമസ് ഉൾപ്പെടെയുള്ള സംരംഭകരും സ്റ്റാർട്ടപ്പ് സ്ഥാപകരും ഉൾപ്പെടെ 50ൽ പരം വിദഗ്ധർ പങ്കെടുക്കുന്ന ക്ലാസുകളും ചർച്ചകളും നടത്തും.