കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

പോലീസ് സ്റ്റേഷനിൽ മോണിറ്റർ എത്തിയിട്ടും രക്ഷയില്ല; എരുമേലിയിൽ സിസിടിവിക്ക് താഴെ മാലിന്യക്കൂമ്പാരം….എല്ലാം കാണുന്നുണ്ട് ക്യാമറകൾ, പക്ഷേ നടപടിയില്ല

0
22e81098-059d-4052-99a6-37dda3fa7d35

എരുമേലി: ടൗണിലും പരിസരങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളെ വെല്ലുവിളിച്ച് വീണ്ടും മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. ടൗണിലെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ, സിസിടിവി ക്യാമറകൾക്ക് തൊട്ടുതാഴെയാണ് ഇപ്പോൾ മാലിന്യങ്ങൾ കുന്നുകൂടുന്നത്. കഴിഞ്ഞ ശബരിമല സീസണിൽ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ സ്ഥാപിച്ച അത്യാധുനിക സ്റ്റീൽ കിയോസ്കുകൾക്ക് മുകളിലും പരിസരത്തുമാണ് പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിൽ മാലിന്യം ഉപേക്ഷിച്ചിരിക്കുന്നത്.

പ്രതിസന്ധിയായിരുന്ന സാങ്കേതിക തകരാർ പരിഹരിച്ചു

നേരത്തെ, മാലിന്യ നിക്ഷേപകരെ പിടികൂടാൻ തെളിവായി ലഭിക്കേണ്ട സിസിടിവി ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിൽ കാണാൻ സാധിച്ചിരുന്നില്ല. ഇടിമിന്നലേറ്റ് സ്റ്റേഷനിലെ മോണിറ്റർ ടിവി നശിച്ചതായിരുന്നു ഇതിന് കാരണം. ഈ പ്രതിസന്ധി കണക്കിലെടുത്ത് പഞ്ചായത്ത്‌ അംഗങ്ങളായ അൻസാരി പാടിക്കൽ, പി.ഡി. ദിഗീഷ് എന്നിവർ ഇടപെടുകയും, കനകപ്പലം സ്വദേശി തേവാരിമണക്ക് ജോർജ് ഫിലിപ്പിന്റെ സഹായത്തോടെ പുതിയ മോണിറ്റർ വാങ്ങി കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ നൽകുകയും ചെയ്തിരുന്നു.

നിരീക്ഷണം ശക്തമെന്ന് അധികൃതർ; എങ്കിലും മാലിന്യം കുമിയുന്നു

പുതിയ മോണിറ്റർ സ്ഥാപിച്ചതോടെ ടൗണിലെ 13 ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ സംവിധാനമായതായി പോലീസ് അറിയിച്ചിരുന്നു. എന്നാൽ, ഈ നടപടികൾക്ക് ശേഷവും മാലിന്യ നിക്ഷേപം വർധിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ട് വശങ്ങളിലേയും ദൃശ്യങ്ങൾ വ്യക്തമായി ലഭിക്കുന്ന രീതിയിലാണ് ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നത് എന്നിരിക്കെ, കുറ്റക്കാരെ കണ്ടെത്താൻ കഴിയാത്തത് അധികൃതരുടെ വീഴ്ചയാണെന്ന് ആക്ഷേപം ഉയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *