സിബിഎസ്ഇ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ഇടംപിടിച്ച് എരുമേലി സ്വദേശിയുടെ കവിത; പെൺകുട്ടികൾക്ക് കരുത്തായി ‘അച്ഛനും മകളും’
എരുമേലി: പെൺകുട്ടികൾക്ക് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ പാഠങ്ങൾ പകർന്നു നൽകി, എരുമേലി സ്വദേശിയായ അധ്യാപകൻ കെ.ജി. ഹരികൃഷ്ണന്റെ കവിത സിബിഎസ്ഇ ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിൽ. വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ് ഹരികൃഷ്ണൻ.
തന്റെ ‘പുഴയെ സ്വപ്നം കാണുന്ന മത്സ്യങ്ങൾ’ എന്ന കവിതാ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരുന്ന ‘അച്ഛനും മകളും’ എന്ന കവിതയാണ് ഇപ്പോൾ പാഠപുസ്തകത്തിന്റെ ഭാഗമായിരിക്കുന്നത്. സമകാലിക സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന ആശങ്കകളെയും അതിനെ ധീരമായി അതിജീവിക്കാൻ ഒരു പിതാവ് നൽകുന്ന പിന്തുണയുമാണ് കവിതയുടെ പ്രമേയം.
“മോളെ… നിന്റെ ഉള്ളിലും ഒരാണ് ഉണ്ട്. ആണുങ്ങൾ ഭയക്കുന്ന ഒരാണ്” – കവിതയിലെ ഈ വരികൾ പെൺകുട്ടികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഏതൊരു അച്ഛനും മകൾക്കും ഒരുപോലെ പ്രചോദനമേകുന്നതാണ് ഈ രചനയെന്ന് ഹരികൃഷ്ണൻ പറയുന്നു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും പ്രകൃതിയുടെ നാശത്തെക്കുറിച്ചും ആഴത്തിൽ ചിന്തിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതാ സമാഹാരം.
എരുമേലി കൃഷ്ണമന്ദിരം സ്വദേശിയായ ഹരികൃഷ്ണന്റെ ഭാര്യ, റാന്നി സെന്റ് തോമസ് കോളേജിലെ അധ്യാപിക ഡോ. എസ്. വീണയാണ്. ഗൗരി, ഗാഥ എന്നിവരാണ് മക്കൾ. അധ്യാപനത്തോടൊപ്പം സാഹിത്യലോകത്തും സ്വന്തം നാടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയ കെ.ജി. ഹരികൃഷ്ണനെ തേടി നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്