കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കേരളത്തെ നടുക്കിയ കോട്ടയം ‘മുറിഞ്ഞപുഴ കൊലപാതകം’ : പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

0
05147976-c0f1-417e-8029-a53cde573f5e

അക്രമികളിൽ നിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്ക് ഏഴുവർഷം കഠിനതടവ്. 

പ്രതികൾ 50,000 രൂപ വീതം പിഴയും ഒടുക്കണമെന്ന് ജില്ലാ അഡിഷണൽ സെഷൻസ് കോടതി വിധിച്ചു. 

പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ യുവാവിൻറെ കുടുംബത്തിന് നൽകണം. ഒപ്പം ആക്രമിക്കപ്പെട്ട സഹോദരൻ നോബിളിന് 50,000 രൂപ നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.

2012ലാണ് കോട്ടയം വൈക്കം ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയത്. വടക്കേമുറി ഓണാട്ടുത്തറയിൽ ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുൽ അസീസ് (64), വടക്കേമുറി പള്ളത്ത് വീട്ടിൽ സുധീർ സുബി (47), വടക്കേമുറി ഇന്നാംതുരുത്തിൽ വീട്ടിൽ ഷാജി (54) എന്നിവർക്കാണ് ശിക്ഷ. 

പ്രതിപ്പട്ടികയിലുണ്ടായിരുന്ന മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാനും നിർദേശമുണ്ട്.

2012 മാർച്ച് 16നു രാവിലെ 10.20ന് വൈക്കത്തെ പെട്രോൾ പമ്പിൽ ഡീസൽ നിറയ്‌ക്കാൻ എത്തിയതായിരുന്നു ‘പ്രിയദർശിനി’ ബസും ഡ്രൈവർ നോബിളും. ബസ് പിന്നോട്ടെടുത്തപ്പോൾ തന്റെ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് അബ്ദുൽ അസീസ് നോബിളിനെ അവിടെവച്ച് മർദിച്ചു. മക്കളെയും ബന്ധുക്കളെയും കൂട്ടി വന്ന് ബസിന്റെ എറണാകുളം ട്രിപ് തടഞ്ഞ് വീണ്ടും നോബിളിനെ മർദിച്ചു. പരുക്കേറ്റ നോബിളിനെ വൈക്കം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികൾ അവിടെയുമെത്തി.

നോബിളിനെയും കൂടെയുണ്ടായിരുന്ന സഹോദരൻ നോയലിനെയും പ്രതികൾ ആശുപത്രി പരിസരത്തുവച്ചും മർദ്ദിച്ചു. പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ട് മുറിഞ്ഞപുഴയിലെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ചപ്പോൾ പ്രതികൾ ഇവിടെയുമെത്തി. പിന്നാലെ നോബിളും നോയലും മുറിഞ്ഞപുഴയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ 200 മീറ്ററോളം വീതിയുള്ള പുഴയുടെ മറുകരയിലെത്തുക അസാദ്ധ്യമെന്ന് തിരിച്ചറി‌ഞ്ഞതോടെ ഇരുവരും തിരികെ നീന്തി. ഈ സമയം പുഴയുടെ കരയിൽ നിന്ന പ്രതികൾ സഹോദരങ്ങൾക്കുനേരെ കല്ലെറിഞ്ഞു. വടിവാൾ വീശിയും ഭീഷണിപ്പെടുത്തി. നീന്തി അവശനിലയിലായ നോയലിനെ കരയിലെത്താൻ പ്രതികൾ അനുവദിച്ചില്ല. തുടർന്ന് നോയൽ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *