കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

ഇടുക്കി തിരിച്ചുപിടിക്കാൻ കനഗോലു പ്ലാൻ; ജില്ലയിൽ കോൺഗ്രസ് സുശക്തമെന്ന് എഐസിസിക്ക് റിപ്പോർട്ട്: പീരുമേട് തോട്ടം മേഖലകളിൽ വലിയ സ്വാധീനമുള്ള സിറിയക് തോമസ് വീണ്ടും കളത്തിലിറങ്ങുന്നു: ഉടുമ്പുംചോല മണ്ഡലത്തിൽ സേനാപതി വേണു, ദേവികുളം ഡി. കുമാർ, ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കൽപറമ്പിൽ

0
9ade55ef-76da-4b52-adec-b53b71317eb5

ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കങ്ങളുമായി ഹൈക്കമാൻഡ്. എഐസിസി നിയോഗിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള ടീം ഇടുക്കിയിൽ നടത്തിയ സർവേ റിപ്പോർട്ട് കെപിസിസിക്ക് കൈമാറി. ജില്ലയിൽ കോൺഗ്രസ് സംഘടനാപരമായി ഏറെ സുശക്തമാണെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ നഷ്ടപ്പെട്ട സീറ്റുകൾ വലിയ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കാമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

കനഗോലു റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ:

• ഉടുമ്പുംചോല: കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട ഉടുമ്പുംചോല മണ്ഡലത്തിൽ സേനാപതി വേണുവിനെ കളത്തിലിറക്കാനാണ് റിപ്പോർട്ടിലെ ശുപാർശ. വേണു സ്ഥാനാർത്ഥിയായാൽ മണ്ഡലം തിരിച്ചുപിടിക്കാൻ എളുപ്പമാകുമെന്ന് സർവേ വ്യക്തമാക്കുന്നു.

• പീരുമേട്: ഇവിടുത്തെ തോട്ടം മേഖലകളിൽ സിറിയക് തോമസിനുള്ള ശക്തമായ സ്വാധീനം സർവേ റിപ്പോർട്ടിൽ എടുത്തുപറയുന്നു. കഴിഞ്ഞ രണ്ട് തവണയും നേരിയ വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക പ്രതിനിധികൾ സിറിയക് തോമസിന്റെ പേരിനാണ് മുൻഗണന നൽകിയിരിക്കുന്നത്.

• ദേവികുളം: ഇവിടെ ഡി. കുമാറിനെ തന്നെയാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ മറ്റൊരു പേര് കൂടി ഹൈക്കമാൻഡിന്റെ പരിഗണന പട്ടികയിലുണ്ട്.

• ഇടുക്കി: കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സീറ്റ് വിട്ടുനൽകുകയാണെങ്കിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കൽപറമ്പിലിനെ മത്സരിപ്പിക്കാനാണ് സാധ്യത. പൈനാവ് ഡിവിഷനിൽ സിപിഐഎം ജില്ലാ നേതാവിനെ പരാജയപ്പെടുത്തിയ ഫ്രാൻസിസിന്റെ കരുത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

വിജയസാധ്യത ഇങ്ങനെ

ജില്ലയിലെ ഓരോ മണ്ഡലത്തിലും കൃത്യമായ സർവേകൾ നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ തോൽവികൾ വിശകലനം ചെയ്ത സുനിൽ കനഗോലു ടീം, ഓരോ വിഭാഗം വോട്ടർമാരുടെയും പൾസ് അറിഞ്ഞുള്ള സ്ഥാനാർത്ഥി പട്ടികയാണ് കൈമാറിയിരിക്കുന്നത്. കനഗോലു റിപ്പോർട്ട് പ്രകാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ ജില്ലയിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed